അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഈ സീസണോടെ പി.എസ്.ജി വിടുമെന്ന് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു. ലിയോയുടെ പിതാവ് ഇക്കാര്യം ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടര്‍ന്ന് താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതോടെ താരവും ക്ലബ്ബും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ അടുത്ത തട്ടകം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍. താരം തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തെ രണ്ടാഴ്ചത്തേക്കാണ് പി.എസ്.ജി സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലയളവില്‍ മെസ്സിക്ക് ക്ലബ്ബിന് കീഴില്‍ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്ബളവും ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്പെന്‍ഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വണ്‍ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.

