ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിന്റെ സ്ത്രീശക്തി ; മിന്നുമണി വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിൽ

ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളത്തിൽ നിന്നും മറ്റൊരു താരം കൂടി. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിലാണ് മലയാളി താരം മിന്നുമണി ഇടംപിടിച്ചത്. കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി.

മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.