സഞ്ജുവിന് ഇത് നല്ല സമയം – ദിനേശ് കാർത്തിക്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനു പകരം 2023ലെ ഏകദിന ലോകകപ്പിൽ കളിക്കുന്നതിനു വേണ്ടി ഇന്ത്യ പുതിയ കീപ്പറെ കണ്ടെത്തണം. ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സഞ്ജു സാംസൺ എന്നിവരെയെല്ലാം ഇന്ത്യ വിക്കറ്റ് കീപ്പറുടെ റോളിൽ പരിഗണിച്ചിട്ടുണ്ട്.

കെഎൽ രാഹുലായിരുന്നു ഇടക്കാലത്ത് സ്ഥിരമായി കീപ്പറായത്. എന്നാൽ രാഹുലും ഇപ്പോൾ പരിക്കിൻെറ പിടിയിലാണ്. സഞ്ജു, കിഷൻ, രാഹുൽ എന്നിവർ തമ്മിൽ കീപ്പറുടെ റോളിനായി മത്സരം ഉണ്ടെങ്കിലും രാഹുലിനാണ് കൂടുതൽ സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക് പറഞ്ഞു.

മലയാളിതാരം സഞ്ജു സാംസൺ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കാർത്തിക് വ്യക്തമാക്കി. ടി20 ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസിൽ ഏകദിനത്തിലും ടി20യിലും കിട്ടിയ അവസരം സഞ്ജു നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷം ദേശീയ ക്രിക്കറ്റിൽ സഞ്ജുവിൻെറ നല്ല സമയമായിരുന്നു എന്നും കാർത്തിക് വ്യക്തമാക്കി.