വരാനിരിക്കുന്ന വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി.
പിടിഐയോട് സംസാരിക്കവെ സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനത്തെ ഗാംഗുലി ചോദ്യം ചെയ്‌തു. ഇത് ടീമിന് പിന്നോട്ടുള്ള ഒരു ചുവടുവെപ്പല്ലെങ്കിലും, ഒരു പ്രായോഗിക തീരുമാനമായി കാണാൻ കഴിയില്ല. തീരുമാനത്തിന് പിന്നിലെ ചേതോ വികാരം എന്താണെന്ന് കണക്കാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി.
അതേസമയം, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങുന്നത് വിൻഡീസിന് എതിരെയാണ്. രോഹിത് ശർമ്മ തന്നെയാണ് ടീമിനെ നയിക്കുക. യശസ്വി ജയ്‌സ്വാൾ അടക്കമുള്ള യുവനിരയെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

