Sports (Page 23)

ചെന്നൈ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെ തോല്പിച്ച് ഇന്ത്യൻ ഗ്രൂപ്പ് സെമിയിലേക്ക് കടന്നു. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് പാകിസ്താൻ ടീമിനെ ഇന്ത്യൻ ടീം വീഴ്ത്തിയത്. മത്സരത്തിലെ തോൽവിയോടെ പാകിസ്ഥാൻ സെമി കാണാതെ പുറത്തായി. കളി തുടങ്ങി ആദ്യ പകുതിയിൽ തന്നെ ഇന്ത്യൻ ടീം മുന്നിലായിരുന്നു. ആദ്യത്തെ ക്വാർട്ടറിൽ പതിനഞ്ചാമത്തെ മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നും രണ്ടാമത്തെ ക്വാർട്ടറിൽ ഇരുപത്തിനാലാമത്തെ മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നും ഇന്ത്യൻ താരം ഹർമൻ പ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി.

ഇന്ത്യൻ താരം ജുഗ്‌രാജ്‌സിംഗ് മൂന്നാം ക്വാർട്ടറിൽ ഗോൾ നേടിയതോടെ ഇന്ത്യൻ ടീം എതിരില്ലാത്ത 3 ഗോളുകൾക്ക് മുന്നിലായി. നാലാമത്തെ ക്വാർട്ടറിൽ ആകാശ് സിംഗ് ഒരു ഗോൾ കൂടി നേടിയതോടെ ഇന്ത്യൻ ടീം മത്സരത്തിലെ സമ്പൂർണ മേധാവിത്വം സ്വന്തമാക്കി. മലയാളി ഗോൾ കീപ്പർ ശ്രീജേഷ് അവസാനത്തെ ക്വാർട്ടറിലാണ് കളത്തിലെത്തിയത്. ഈ മത്സരത്തിലൂടെ 5 കളികളിലെ ജയവുമായി 13 പോയിന്റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലെത്തിയിരിക്കുന്നത്.

പാരീസ് : യു എസ് മേജർ ലീഗ് സോക്കറിലേക്ക് നെയ്മർ ക്ലബ് മാറാനൊരുങ്ങുന്നതായി വാർത്തകൾ പുറത്തു വരുന്നു. സൂപ്പർ താരം മെസ്സി ക്ലബ് വിട്ടതോടെ പി എസ് ജിയിൽ തുടരാൻ താത്പര്യമില്ലെന്ന് നെയ്മർ അറിയിച്ചെന്നാണ് ക്ലബ് അധികൃതർ വ്യക്തമാക്കുന്നത്. ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെയും പി എസ് ജിയിൽ തുടരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികമായി ക്ലബ് മാറിയിട്ടില്ലെങ്കിലും താരത്തിന്റെ പരിശീലനം ഒറ്റയ്ക്കാണ്.

കൂടാതെ എംബാപ്പെയുടെ ജേഴ്‌സി വില്പന ക്ലബ് നിർത്തി വച്ചിട്ടുമുണ്ട്. പി എസ് ജി വിട്ട് നെയ്മർ ബാർസിലോണയിലേക്ക് പോകുമെന്നും യു എസ് മേജർ സോക്കർ ടീമിലേക്ക് പോകുമെന്നും പറയുന്നുണ്ട്. അതേ സമയം വൻ തുകയാണ് നെയ്മറെ വിൽക്കുന്നതിലൂടെ പി എസ് ജി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. ലൊസാഞ്ചലസ് എഫ് സി നെയ്മറെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എവിടെ കളിക്കണമെന്ന തീരുമാനം നെയ്മർ വ്യക്തമാക്കിയിട്ടില്ല.

ഏകദിന ലോകകപ്പ് മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മുൻപ് പറഞ്ഞ തീയതി, സമയം എന്നിവ മാറ്റി പുതിയത് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുറത്തുവിട്ട സമയക്രമം അനുസരിച്ച് ഒമ്പതോളം മത്സരങ്ങൾക്ക് മാറ്റമുണ്ട്. ഇന്ത്യയുടെ രണ്ടു മത്സരങ്ങൾക്ക് മാത്രമാണ് മാറ്റം ഉള്ളത്. പുതുതായി വന്നതിൽ മൂന്നെണ്ണം വീതം ഇംഗ്ലണ്ടിന്റെയും പാക്കിസ്ഥാന്റെയും മത്സരങ്ങളിലെ മാറ്റമാണ്. ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയുടെ ടിക്കറ്റ് വിൽപ്പന ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ നടക്കും.


ഒക്ടോബർ 15നു അഹമ്മദാബാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14 ന് നടക്കും.


ബെംഗളൂരുവിൽ നവംബർ 11നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ–നെതർലൻഡ്സ് മത്സരം നവംബർ 12 ന് നടക്കും.

ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14 ലേക്ക് മാറ്റിയതോടെ അന്നു നടക്കാനിരുന്ന ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാൻ മത്സരം അടുത്ത ദിവസത്തേക്ക് മാറ്റി.
ഇന്ത്യയുമായുള്ള മത്സരത്തിനു മുമ്പ് പാക്കിസ്ഥാന് പരിശീലനം കൂടുതൽ വേണമെന്ന ആവശ്യം ഉന്നയിച്ചത് കൊണ്ട് ഒക്ടോബർ 11ന് ശ്രീലങ്കയുമായി ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന മത്സരം 10 ലേക്ക് മാറ്റി.

ധരംശാലയിൽ ഒക്ടോബർ 10ന് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് -ബംഗ്ലാദേശ് ഡേ നൈറ്റ് മത്സരം പകലത്തേക്ക് മാറ്റി രാവിലെ 10. 30 ന് തുടങ്ങും.

ഒക്ടോബർ 14ന് പകൽ നടത്താൻ നിശ്ചയിച്ചിരുന്ന ന്യൂസിലൻഡ് -ബംഗ്ലാദേശ് മത്സരം 13 ന് ഡേ നൈറ്റ് മത്സരമായി നടത്തും.

ഒക്ടോബർ 13ന് ലക് നൗവിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം ഒക്ടോബർ 12ന് നടക്കും.

നവംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലണ്ട് – പാക്കിസ്ഥാൻ മത്സരവും ഓസ്ട്രേലിയ- ബംഗ്ലാദേശ് മത്സരവും നവംബർ 11ന് നടക്കും. ഓസ്ട്രേലിയ- ബംഗ്ലാദേശ് മത്സരം പകൽ മത്സരമായും ഇംഗ്ലണ്ട്- പാക്കിസ്ഥാൻ മത്സരം ഡേ നൈറ്റ് മത്സരമായും നടത്തും.

ലാഹോർ : സഞ്ജു സാംസൺ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന് വിമർശിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയ. സഞ്ജുവിന് അവസരങ്ങൾ ലഭിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചിരുന്നയാളാണ് താനെന്നും ഇപ്പോൾ അവസരം ഉപയോഗിച്ചില്ലെങ്കിൽ എപ്പോഴാണ് താരം തിളങ്ങാൻ പോകുന്നതെന്നും ഡാനിഷ് പ്രതികരിച്ചു. യു ട്യൂബ് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രോഹിത് ശർമയ്ക്കും വിരാട് കൊഹ്ലിക്കും വിശ്രമം നൽകിയതിനാലാണ് മറ്റ് താരങ്ങൾക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കിട്ടിയ അവസരങ്ങൾ സഞ്ജു ഉപയോഗിച്ചിട്ടില്ല. നിങ്ങളിനി എപ്പോഴാണ് റൺസെടുക്കുക, എന്നൊക്കെയായിരുന്നു ഡാനിഷിന്റെ പ്രതികരണം. ആശിഷ് നെഹ്റയുടെ സാന്നിധ്യം കൊണ്ടാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിൽ പാണ്ഡ്യ തുടർച്ചയായ വിജയം നേടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ട് ട്വന്റി -20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടതോടെ പരിശീകനായ ദ്രാവിഡിനെതിരെ വിമർശനം ശക്തമാകുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെ ചില തീരുമാനങ്ങൾ പരാജയപ്പെട്ടതാണ് ഇന്ത്യ തോൽക്കാൻ കാരണമെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇന്ത്യ തോൽക്കാൻ കാരണം ദ്രാവിഡാണെന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർത്ഥിവ് പട്ടേൽ.

ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ഐ പി എല്ലിൽ നയിച്ചപ്പോഴുള്ള പോലെ തന്നെ ഇപ്പോഴും പിന്തുണ പാണ്ഡ്യയ്ക്ക് ദ്രാവിഡ് നൽകുന്നില്ലെന്ന് പട്ടേൽ പറഞ്ഞു. പരിശീലകന്റെ നിർദ്ദേശം ഏറ്റവും വേണ്ടപ്പെട്ട ഒരു കളിക്കാരനാണ് പാണ്ഡ്യ എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു നിമിഷത്തെ നീക്കമാണ് ട്വന്റി-20 പോലുള്ള കളി മാറ്റി മറിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പട്ടേൽ ഈ അഭിപ്രായം ഉന്നയിച്ചത്.

ഡാലസ് : യു എസ് ഫുട്ബോളിൽ ഇന്റർ മയാമിയുടെവിജയത്തെ തുടർന്ന് മെസ്സി ആരാധകരും ഡാലസ് ആരാധകരും ഏറ്റുമുട്ടി. ലീഗ്‌സ് കപ്പ് മത്സരത്തിന് ശേഷമായിരുന്നു സ്റ്റേഡിയത്തിന് പുറമേ ഇരുകൂട്ടരും ഏറ്റു മുട്ടിയത്. ആക്രമണത്തിന്റെ വീഡിയോയിൽ സ്ത്രീയ്ക്ക് മർദ്ദനമേൽക്കുന്നതും അവർ തിരിച്ച് മർദിക്കുന്നതുമെല്ലാം കാണാൻ കഴിയും.

85 മത്തെ മിനിറ്റിൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലൂടെ ഡീഗോ മറഡോണയുടെ ഫ്രീ കിക്ക് റെക്കോർഡ് താരം തകർത്തു. മെസ്സിയുടെ ഫ്രീകിക്കോടെ ഇരു ടീമുകളും 4 ഗോളുകൾ നേടിയതോടെയാണ് മത്സരം സമനിലയിലായത്. പെനൽറ്റി ഷൂട്ട് ഔട്ടിൽ 3 – 5 നാണ് മയാമി ജയം ഉറപ്പിച്ചത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് മെസ്സി നേടിയ ഗോളുകളുടെ എണ്ണം ഏഴായിരിക്കുകയാണ്.

ബാർബഡോസ് : ആദ്യ ട്വന്റി – 20 വെസ്റ്റ് ഇൻഡീസിനെതിരായി തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയുമായി ഐ സി സി. സ്ലോ ഓവർ റേറ്റിന്റെ പേരിലാണ് ഇന്ത്യയ്ക്ക് പിഴ വന്നിരിക്കുന്നത്. യഥാ സമയം ഓവറുകൾ പൂർത്തിയാക്കാൻ ടീമിന് കഴിയാത്തതിനാൽ മാച്ച് ഫീസിന്റെ 5 % ടീം പിഴയായി ഒടുക്കേണ്ടി വരും. പിഴയായി ഐ സി സി വെസ്റ്റ് ഇൻഡീസിന് ടീമിന് നൽകിയിരിക്കുന്നത് മാച്ച് ഫീസിന്റെ 10 %ആണ്.

എലീറ്റ് പാനൽ അംഗം റിച്ചി റിച്ചാർഡ്സനാണ് ടീമുകൾക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാർ ശിക്ഷ അംഗീകരിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. ടീമുകൾക്കെതിരെ നടപടി വേണമെന്ന് ഓൺ ഫീൽഡ് അമ്പയർമാരും തേർഡ് അമ്പയറും നേരത്തെ നിലപാട് എടുത്തിരുന്നു. ആദ്യത്തെ മാച്ചിൽ 4 റൺസിനാണ് വെസ്റ്റിൻഡീസ് ഇന്ത്യയെ തോൽപ്പിച്ചത്. 6 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 149 റൺസ് എടുത്തപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ145 റൺസാണ് ഇന്ത്യനേടിയത്.

പ്രൊവിഡൻസ് : ട്വന്റി -20 യുടെ രണ്ടാമത്തെ കളിയിൽ ഇന്ത്യയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ഇന്ത്യ 153 റൺസിൽ വിജയത്തിനടുത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി 2 വിക്കറ്റിലൂടെയുള്ള വിൻഡീസിന്റെ വിജയം. ട്വന്റി -20 യുടെ മൂന്നാമത്തെ മത്സരം പ്രൊവിഡൻസിൽ ഓഗസ്റ്റ് 8 ന് നടക്കും. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിലൂടെ 7 വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസെടുത്തത്. മികച്ച പ്രകടനം ആദ്യം മുതൽ കാഴ്ച്ച വയ്ക്കാൻ കഴിയാത്ത ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ഷിംറോൺ ഹെറ്റ് മിയർ അൽസരി ജോസെഫിന്റെ പന്തിൽ ക്യാച്ച് എടുത്താണ് ശുഭ്മാനെ പുറത്താക്കിയത്. ഒരു റൺ സ്വന്തമാക്കിയ സൂര്യകുമാർ യാദവും 27 റൺസെടുത്ത ഇഷാൻ കിഷനും ക്രീസിൽ തുടരാത്തത് വൻതിരിച്ചടിയായി.

തിലക് വർമയ്ക്ക് അർധ സെഞ്ച്വറി ലഭിച്ചെങ്കിലും 51 റൺസെടുത്തു പുറത്താകേണ്ടി വന്നു. അകീൽ ഹുസൈനിന്റെ പന്തിൽ ബൗണ്ടറിക്ക് വേണ്ടി ക്രീസ് വിട്ടിറങ്ങിയതോടെ സഞ്ജു സാംസണിനെ വിൻഡീസ് കീപ്പർ സ്റ്റംപ്പ് ചെയ്തു. അവസാനത്തെ രണ്ട് ഓവറിൽ വിൻഡീസിന് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടത്. അടുത്ത നിമിഷം മുകേഷ് കുമാർ എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിൽ ഒരു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 14 റൺസെടുത്ത് വിൻഡീസ് കളി അവസാനിപ്പിക്കുകയായിരുന്നു. അകീൽ ഹുസൈനും അൽസാരി ജോസഫും പുറത്താകാതെ നിന്നതോടെയാണ് 2-0 ന് വിൻഡീസ് വിജയം ഉറപ്പിച്ചത്.

ഇസ്ലാമാബാദ് : ഏക ദിന ലോക കപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരുമ്പോൾ ടീമിനൊപ്പം സൈക്കോളജിസ്‌റ്റിനെ കൂട്ടാനൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ഇന്ത്യയിൽ നടക്കുന്ന കളികളിൽ താരങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം മറി കടക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇത്തരമൊരു തീരുമാനം എടുത്തത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗം സാക്ക അഷ്റഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യം ആധികാരികമായി തീരുമാനിക്കുന്നത്. ഇപ്പോൾ ലങ്കൻ പ്രീമിയർ ലീഗിൽ കൊളംബോ സ്ട്രൈക്കേഴ്സിന് വേണ്ടി കളിക്കുകയാണ് ബാബർ അസം.

ടീമിന്റെ പ്രകടനം മോശമായാലും പുറത്തു നിന്നുള്ള സമ്മർദ്ദം മാറ്റാൻ സൈക്കോളജിസ്‌റ്റിനെ കൊണ്ട് വരുന്നത് ഉപയോഗപ്രദമാകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. 2011 മുതൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് സൈക്കോളജിസ്റ്റുകളുടെ ഉപദേശം തേടാറുണ്ട്. എന്നാൽ ഇന്ത്യയിലെ കൊൽക്കത്ത , ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന മാച്ചുകളിൽ വരുമോയെന്ന കാര്യം പോലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതു വരെയും വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരു : റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇനി മുതൽ പുതിയ പരിശീലകൻ. ഐ പി എൽ ടീമായ ആർ സിബിയുടെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത് ആൻഡി ഫ്ലവറിനെയാണ്. മുൻ സിംബാബ്‌വെ താരവും ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്നു ആൻഡി. പഞ്ചാബ് കിങ്‌സ്, ലക്നൗ സൂപ്പർ ജയൻറ്സ് തുടങ്ങിയ ടീമുകളുടെ പരിശീലകനായും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.

ആർ സി ബിയുടെ മുമ്പത്തെ പരിശീലകനായ മൈക്ക് ഹെസ്സന് പകരമാണ് പുതിയ പരിശീലകനെത്തുന്നത്. വരുന്ന ഐ പി എൽ സീസണിൽ ആൻഡി ഫ്ലവറിന് പകരം ജസ്റ്റിൻ ലാംഗറെയെ സൂപ്പർ ജയന്റ് പരിശീലകനായി നിയമിച്ചിരുന്നു. ഇതോടെയാണ് ഫ്ലവറിന് ആർ സി ബി യിലേക്ക് നറുക്ക് വീഴുന്നത്.