ചെന്നൈ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെ തോല്പിച്ച് ഇന്ത്യൻ ഗ്രൂപ്പ് സെമിയിലേക്ക് കടന്നു. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് പാകിസ്താൻ ടീമിനെ ഇന്ത്യൻ ടീം വീഴ്ത്തിയത്. മത്സരത്തിലെ തോൽവിയോടെ പാകിസ്ഥാൻ സെമി കാണാതെ പുറത്തായി. കളി തുടങ്ങി ആദ്യ പകുതിയിൽ തന്നെ ഇന്ത്യൻ ടീം മുന്നിലായിരുന്നു. ആദ്യത്തെ ക്വാർട്ടറിൽ പതിനഞ്ചാമത്തെ മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നും രണ്ടാമത്തെ ക്വാർട്ടറിൽ ഇരുപത്തിനാലാമത്തെ മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നും ഇന്ത്യൻ താരം ഹർമൻ പ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി.
ഇന്ത്യൻ താരം ജുഗ്‌രാജ്‌സിംഗ് മൂന്നാം ക്വാർട്ടറിൽ ഗോൾ നേടിയതോടെ ഇന്ത്യൻ ടീം എതിരില്ലാത്ത 3 ഗോളുകൾക്ക് മുന്നിലായി. നാലാമത്തെ ക്വാർട്ടറിൽ ആകാശ് സിംഗ് ഒരു ഗോൾ കൂടി നേടിയതോടെ ഇന്ത്യൻ ടീം മത്സരത്തിലെ സമ്പൂർണ മേധാവിത്വം സ്വന്തമാക്കി. മലയാളി ഗോൾ കീപ്പർ ശ്രീജേഷ് അവസാനത്തെ ക്വാർട്ടറിലാണ് കളത്തിലെത്തിയത്. ഈ മത്സരത്തിലൂടെ 5 കളികളിലെ ജയവുമായി 13 പോയിന്റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലെത്തിയിരിക്കുന്നത്.

