ഇസ്ലാമാബാദ് : ഏക ദിന ലോക കപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരുമ്പോൾ ടീമിനൊപ്പം സൈക്കോളജിസ്‌റ്റിനെ കൂട്ടാനൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ഇന്ത്യയിൽ നടക്കുന്ന കളികളിൽ താരങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം മറി കടക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇത്തരമൊരു തീരുമാനം എടുത്തത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗം സാക്ക അഷ്റഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യം ആധികാരികമായി തീരുമാനിക്കുന്നത്. ഇപ്പോൾ ലങ്കൻ പ്രീമിയർ ലീഗിൽ കൊളംബോ സ്ട്രൈക്കേഴ്സിന് വേണ്ടി കളിക്കുകയാണ് ബാബർ അസം.
ടീമിന്റെ പ്രകടനം മോശമായാലും പുറത്തു നിന്നുള്ള സമ്മർദ്ദം മാറ്റാൻ സൈക്കോളജിസ്‌റ്റിനെ കൊണ്ട് വരുന്നത് ഉപയോഗപ്രദമാകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. 2011 മുതൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് സൈക്കോളജിസ്റ്റുകളുടെ ഉപദേശം തേടാറുണ്ട്. എന്നാൽ ഇന്ത്യയിലെ കൊൽക്കത്ത , ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന മാച്ചുകളിൽ വരുമോയെന്ന കാര്യം പോലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതു വരെയും വ്യക്തമാക്കിയിട്ടില്ല.

