ഏകദിന ലോകകപ്പ് മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മുൻപ് പറഞ്ഞ തീയതി, സമയം എന്നിവ മാറ്റി പുതിയത് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുറത്തുവിട്ട സമയക്രമം അനുസരിച്ച് ഒമ്പതോളം മത്സരങ്ങൾക്ക് മാറ്റമുണ്ട്. ഇന്ത്യയുടെ രണ്ടു മത്സരങ്ങൾക്ക് മാത്രമാണ് മാറ്റം ഉള്ളത്. പുതുതായി വന്നതിൽ മൂന്നെണ്ണം വീതം ഇംഗ്ലണ്ടിന്റെയും പാക്കിസ്ഥാന്റെയും മത്സരങ്ങളിലെ മാറ്റമാണ്. ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയുടെ ടിക്കറ്റ് വിൽപ്പന ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ നടക്കും.
ഒക്ടോബർ 15നു അഹമ്മദാബാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14 ന് നടക്കും.
ബെംഗളൂരുവിൽ നവംബർ 11നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ–നെതർലൻഡ്സ് മത്സരം നവംബർ 12 ന് നടക്കും.
ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14 ലേക്ക് മാറ്റിയതോടെ അന്നു നടക്കാനിരുന്ന ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാൻ മത്സരം അടുത്ത ദിവസത്തേക്ക് മാറ്റി.
ഇന്ത്യയുമായുള്ള മത്സരത്തിനു മുമ്പ് പാക്കിസ്ഥാന് പരിശീലനം കൂടുതൽ വേണമെന്ന ആവശ്യം ഉന്നയിച്ചത് കൊണ്ട് ഒക്ടോബർ 11ന് ശ്രീലങ്കയുമായി ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന മത്സരം 10 ലേക്ക് മാറ്റി.
ധരംശാലയിൽ ഒക്ടോബർ 10ന് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് -ബംഗ്ലാദേശ് ഡേ നൈറ്റ് മത്സരം പകലത്തേക്ക് മാറ്റി രാവിലെ 10. 30 ന് തുടങ്ങും.
ഒക്ടോബർ 14ന് പകൽ നടത്താൻ നിശ്ചയിച്ചിരുന്ന ന്യൂസിലൻഡ് -ബംഗ്ലാദേശ് മത്സരം 13 ന് ഡേ നൈറ്റ് മത്സരമായി നടത്തും.
ഒക്ടോബർ 13ന് ലക് നൗവിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം ഒക്ടോബർ 12ന് നടക്കും.
നവംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലണ്ട് – പാക്കിസ്ഥാൻ മത്സരവും ഓസ്ട്രേലിയ- ബംഗ്ലാദേശ് മത്സരവും നവംബർ 11ന് നടക്കും. ഓസ്ട്രേലിയ- ബംഗ്ലാദേശ് മത്സരം പകൽ മത്സരമായും ഇംഗ്ലണ്ട്- പാക്കിസ്ഥാൻ മത്സരം ഡേ നൈറ്റ് മത്സരമായും നടത്തും.

