Sports (Page 183)

മുംബൈ: ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ വിടാതെ പിടികൂടി പരിക്കുകള്‍. ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിന് പിന്നാലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളും പരിക്കിന്റെ പിടിയിലായിരിക്കുന്നു.

പരിശീലനത്തിനിടെ പന്ത് തലയില്‍ അടിച്ചുകൊണ്ട ശേഷം തലകറക്കം വന്ന താരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്നുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. താരം വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.

ഗില്ലിനെക്കൂടാതെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, പേസ് ബൗളര്‍ അവേശ് ഖാന്‍ എന്നിവരും ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ഇരുവര്‍ക്കും കൗണ്ടി ഇലവനു വേണ്ടി ഇന്ത്യന്‍ ടീമിനെതിരെ കളിക്കാനിറങ്ങിയപ്പോഴാണ് പരുക്കേറ്റത്.

രണ്ട് ഓപ്പണര്‍മാരും പരിക്കിന്റെ പിടിയിലായതോടെ ഓപ്പണിംഗില്‍ ഇന്ത്യ വന്‍ പ്രതിസന്ധിയിലാണ്. കെഎല്‍ രാഹുലിനെ ടെസ്റ്റില്‍ ഓപ്പണറായി ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം.

ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യ പൊരുതി തോറ്റു. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യയുടെ തോല്‍വി.

അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ടിക്കറ്റിന് വഴിയൊരുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയ്ക്കൊപ്പമെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ ആരും ഗോളടിച്ചില്ല. എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ അലക്സാണ്ടര്‍ ഹെന്‍ട്രിക്സ് രണ്ട് ഗോളടിച്ച് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.

ഇന്ത്യന്‍ നിരയില്‍ മന്‍ദീപ് സിംഗും, ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോളുകള്‍ നേടിയത്. ഇനി വെങ്കലത്തിനായി ഇന്ത്യയ്ക്ക് മത്സരിക്കാം.

തിരുവനന്തപുരം:ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ പി. വി. സിന്ധുവിനെ അഭിനന്ദിച്ച് കേരള നിയമസഭ. ഇന്നലെ നടന്ന സഭാ സമ്മേളനത്തിലാണ് സിന്ധുവിന് കേരളം അഭിനന്ദനം അറിയിച്ചത്.

ഈ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയതതെന്നും, വനിതകളുടെ ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ടെന്നും, വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്നും സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.

ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്‌കോര്‍- 21-13, 21-15. ടോക്കിയോയില്‍ വെങ്കലം നേടിയതോടെ സിന്ധു തുടര്‍ച്ചയായി രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. ടോക്കിയോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

ഇംഫാല്‍: ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്റെ ധാരണപത്രത്തില്‍ ചാനുവിന്റെ ടീം ഒപ്പുവച്ചു.

മണിപ്പൂരി ഭാഷയിലാണ് ചിത്രീകരണം നടത്തുക. എന്നാല്‍, ഇംഗ്‌ളീഷിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും.

ശ്രുതി ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും.

ഇതിനായി, ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായി മാറിയത്.

ടോക്കിയോ: ഒളിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ മെഡല്‍ പ്രതീക്ഷ നല്‍കിയ ഇന്ത്യയുടെ കമല്‍ പ്രീത് കൗര്‍ ഫൈനലില്‍ ആറാം സ്ഥാനത്ത്. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. യോഗ്യതാറൗണ്ടിലെ പ്രകടനം പോലും താരത്തിന് ഫൈനലില്‍ പുറത്തെടുക്കാനായില്ല.

അതേസമയം, ആദ്യ അവസരത്തില്‍ തന്നെ 68.98 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കന്‍ താരം വലരി ഓള്‍മാനാണ് സ്വര്‍ണം നേടിയത്. 66.86 മീറ്റര്‍ ദൂരവുമായി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ജര്‍മ്മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സ് വെള്ളിയും, 65.72 മീറ്റര്‍ ദൂരവുമായി ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി.

തന്റെ ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ കണ്ടെത്തിയ കമല്‍പ്രീത് രണ്ടാം ശ്രമം ഫൗളാക്കി. മൂന്നാം ശ്രമത്തില്‍ 63.70 നേടി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും നാലാം ശ്രമവും ഫൗളാകുകയായിരുന്നു. അഞ്ചാം ശ്രമത്തില്‍ 61.37 മീറ്റര്‍ എറിഞ്ഞ കമല്‍പ്രീതിന് അവസാന ശ്രമം മെഡലിലേക്ക് എറിയാനാകാതെ വീണ്ടും ഫൗളാകുകയായിരുന്നു.

ഒളിംപിക്സ് അത്ലറ്റിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കമല്‍പ്രീത് കൗര്‍. 66.59 ആണ് കമല്‍പ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

ടോക്കിയോ: ഒളിംപിക്‌സില്‍ കരുത്തരായ ഓസ്‌ട്രേലിയയെ കടത്തിവെട്ടി വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ സെമിയിലെത്തി. ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഓസ്‌ട്രേലിയയെ നാമാവശേഷമാക്കിയാണ് ഇന്ത്യ സെമിഫൈനല്‍ ടിക്കറ്റ് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സ് ഹോക്കിയുടെ സെമിഫൈനലിലെത്തുന്നത്.

ഗുര്‍ജിത്ത് കൗറിന്റെ ഷോട്ട് ഓസിസ് പ്രതിരോധത്തെ മറിച്ചിട്ട് ഗോളായി മാറിയപ്പോള്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ സമനില പിടിക്കാനായി ഓസ്‌ട്രേലിയ തുടരേ തുടരേ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ സവിതയും വന്‍മതില്‍ പോലെ വല കാത്തു.

എന്നാല്‍, കളിയുടെ അവസാന നിമിഷങ്ങളില്‍ നിരവധി പെനാല്‍ട്ടി കോര്‍ണറുകളാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചിരുന്നതെങ്കിലും ഇന്ത്യന്‍പടയെ വീഴ്ത്തി ലക്ഷ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഇതിന് മുന്‍പ് രണ്ട് തവണ (1980ലും, 2016ലും) മാത്രമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒളിംപിക്‌സ് യോഗ്യത ലഭിച്ചിട്ടുള്ളത്.

ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ റഫറിക്കെതിരെ പ്രതിഷേധമറിയിച്ച് ഫ്രഞ്ച് താരം മൗറാദ് അലീവ് റിങില്‍ ഇരുന്നു. ബ്രിട്ടീഷ് താരം ഫ്രാസര്‍ ക്ലാര്‍ക്കുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ റഫറിയുടെ വിധിയാണ് ഫ്രഞ്ച് താരത്തെ ചൊടിപ്പിച്ചത്.

ആദ്യ രണ്ട് റൗണ്ടുകളില്‍ മുന്നിട്ട് നിന്ന മൗറാദ് അലീവ് ബ്രിട്ടീഷ് എതിരാളിയെ തലകൊണ്ട് ഇടിച്ചുവെന്ന് വിധിച്ച് മത്സരത്തില്‍ നിന്നും അയോഗ്യനാക്കുകയായിരുന്നു. എന്നാല്‍, താന്‍ മനപൂര്‍വ്വം ഇടിച്ചതല്ലെന്നും, അബദ്ധവശാല്‍ തലയില്‍ ഇടിക്കുന്നത് ബോക്‌സിങ്ങില്‍ ഫൗളല്ലെന്നും മൗറാദ് വാദിച്ചു.

ശേഷം, വിജയിയായി പ്രഖ്യാപിച്ച ഫ്രാസര്‍ ക്ലാര്‍ക്കിന് കൈകൊടുക്കാതെ താരം റിങില്‍ തന്നെ ഇരുന്ന് പ്രതിഷേധിച്ചു. ഒഫീഷ്യലുകള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൗറാദ് വഴങ്ങിയില്ല. ഒടുവില്‍ കോച്ചിംഗ് സ്റ്റാഫുകള്‍ രംഗത്തെത്തി താരത്തെ ശാന്തനാക്കി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

അരമണിക്കൂറോളം മൗറാദ് റിങില്‍ ഇരുന്ന് പ്രതിഷേധിച്ചു. റിങ്ങ് വിട്ട് ഇറങ്ങി പോകുമ്പോഴും താനാണ് ജയിച്ചതെന്ന് മൗറാദ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഫ്രഞ്ച് താരത്തിന്റെ ഈ പ്രതിഷേധം ലോക ഒളിംപിക് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ടോക്കിയോ: ഒളിംപിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടനെ മലര്‍ത്തിയടിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം സെമി ഫൈനലില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടണെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യ അവസാന നാലില്‍ ഇടം നേടിയത്.

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 49 വര്‍ഷത്തിന് ശേഷമാണ് ഒളിംപിക്‌സിന്റെ സെമിഫൈനലിന് യോഗ്യത നേടുന്നത്. 1972ലാണ് ഇതിനു മുമ്പ് ഇന്ത്യ അവസാനമായി ഒളിംപിക്‌സില്‍ സെമി ഫൈനല്‍ കളിച്ചത്.

മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ദില്‍പ്രീത് സിങ്, ഗുര്‍ജീത് സിങ്, ഹാര്‍ദിക് സിങ് എന്നിവരാണു സ്‌കോര്‍ ചെയ്തത്. ഇയാന്‍ സാമുവല്‍ ബ്രിട്ടനു വേണ്ടി ഒരു ഗോള്‍ മടക്കി.

നിലവിലെ ലോകചാമ്പ്യന്‍മാരായ ബല്‍ജിയമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. നാളെയാണ് സെമി മത്സരം നടക്കുക.

ടോക്കിയോ: ഒളിംപിക്‌സില്‍ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷമാണ് അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങള്‍ ഗംഭീര വിജയം നേടിയത്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ മിന്നും താരം വന്ദനാ കതാരിയയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ പിന്‍ബലത്തിലാണ് നാലിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്.

മൂന്ന് തവണ സമനില പിടിച്ച ദക്ഷിണാഫ്രിക്കയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ മറികടന്നത്. ഹാട്രിക്കുമായി ചരിത്രം കുറിച്ച വന്ദനയെക്കൂടാതെ യുവകാരം നേഹ ഗോയലും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു.

വൈകിട്ട് നടന്ന പൂളിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡ് ഗ്രേറ്റ് ബ്രിട്ടണോട് തോറ്റതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അയര്‍ലന്‍ഡ് ബ്രിട്ടണോട് തോല്‍ക്കുകയോ സമനിലയില്‍ പിരിയുകയോ ചെയ്താലെ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയുമായിരുന്നുള്ളൂ.

5 മത്സരങ്ങളില്‍ നിന്ന് 2 ജയമുള്‍പ്പെടെ 6 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. നാളെ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പോരാട്ടം.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മെയ് 28-ന് തിയേറ്റര്‍ റിലീസ് നടത്താന്‍ പദ്ധതിയിട്ടിരുന്ന ചിത്രം കോവിഡിന്റെ പിടിയില്‍ നീണ്ടുപോകുകയായിരുന്നു. തിയേറ്റര്‍ റിലീസ് ഇനിയും സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഈ മാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

എ്രന്നാല്‍, ശീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുപ്പിനുണ്ട്.

ദുല്‍ഖര്‍ സുകുമാര കുറുപ്പായി വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനാണ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല, സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.