ഇന്ത്യയുടെ നീന്തല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു, മലയാളിതാരം സജന്‍ പ്രകാശും പുറത്തായി

ടോക്കിയോ: ഒളിംപിക്‌സ് നീന്തലില്‍ മലയാളിതാരം സജന്‍ പ്രകാശ് പുറത്തായി. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈയില്‍ ഹീറ്റ്‌സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തിട്ടും താരം പുറത്താവുകയായിരുന്നു. 53.45 സെക്കന്‍ഡിലാണ് സജന്‍ ഫിനിഷ് ചെയ്തത്. സജനെക്കാള്‍ 0.06 സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷ് ചെയ്ത ഘാനയുടെ അബേക്കു ജാക്‌സണാണ്(53.39) ഹീറ്റ്‌സില്‍ വിജയം നേടിയത്.

നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 200 ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്.

അതേസമയം, പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ശ്രീഹരി നടരാജും വനിതാ വിഭാഗത്തില്‍ മാനാ പട്ടേലും പുറത്തായതോടെ ഒളിംപിക്‌സില്‍ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.