ഡിസ്‌കസ് ത്രോയില്‍ അപ്രതീക്ഷിത മുന്നേറ്റം, മുന്‍ സ്വര്‍ണ്ണ ജേതാക്കളെ മറികടന്ന് ഇന്ത്യയുടെ കമല്‍പ്രീത് !

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഡിസ്‌കസ് ത്രോയില്‍ അപ്രതീക്ഷിത മുന്നേറ്റം നല്‍കി കമല്‍പ്രീത് കൗര്‍. വനിതകളുടെ ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 31 പേരില്‍ കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയവരെപ്പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് പഞ്ചാബുകാരിയായ കമല്‍പ്രീത്.

നാളെ അരങ്ങേറാനൊരുങ്ങുന്ന ഫൈനല്‍ പോരാട്ടത്തില്‍ കമലിന്റെ ഏറ് സ്വര്‍ണ്ണം തൊടുവാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.

ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ 64 മീറ്ററാണ് കമല്‍പ്രീത് കണ്ടെത്തിയ മികച്ച ദൂരം. അമേരിക്കയുടെ വലേരി അല്ലമന്‍(64.42മീറ്റര്‍) മാത്രമാണ് ഇന്ത്യന്‍ താരത്തിന് മുന്നിലെത്തിയത്.

രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ ഡിസ്‌കസ് പായിച്ച കമല്‍പ്രീത് ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അവസാന ശ്രമത്തിലാണ് 64 മീറ്റര്‍കണ്ടത്. ലണ്ടന്‍, റിയോ ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ക്രൊയേഷ്യക്കാരി സാന്ദ്ര പെര്‍കോവിച്ചിന് യോഗ്യതാ റൗണ്ടില്‍ 63.75 മീറ്ററേ എറിയാനായിട്ടുളളൂ. ഇതിനെ മറികടന്നാണ് കമലയുടെ പ്രകടനം.

ഡിസ്‌കസ് ത്രോയിലെ ഇന്ത്യന്‍ റെക്കാഡ് ഇരുപത്തഞ്ചുകാരിയായ കമല്‍പ്രീതിന്റെ പേരിലാണ്; 66.59 മീറ്റര്‍ ഡിസ്‌കസ് ത്രോയില്‍ 65 മീറ്റര്‍ ദൂരം പിന്നിടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കാഡും കമലിന്റെ പേരിലാണ്.