മുംബൈ: ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ വിടാതെ പിടികൂടി പരിക്കുകള്‍. ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിന് പിന്നാലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളും പരിക്കിന്റെ പിടിയിലായിരിക്കുന്നു.
പരിശീലനത്തിനിടെ പന്ത് തലയില്‍ അടിച്ചുകൊണ്ട ശേഷം തലകറക്കം വന്ന താരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്നുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. താരം വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.
ഗില്ലിനെക്കൂടാതെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, പേസ് ബൗളര്‍ അവേശ് ഖാന് എന്നിവരും ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ഇരുവര്‍ക്കും കൗണ്ടി ഇലവനു വേണ്ടി ഇന്ത്യന്‍ ടീമിനെതിരെ കളിക്കാനിറങ്ങിയപ്പോഴാണ് പരുക്കേറ്റത്.
രണ്ട് ഓപ്പണര്‍മാരും പരിക്കിന്റെ പിടിയിലായതോടെ ഓപ്പണിംഗില്‍ ഇന്ത്യ വന്‍ പ്രതിസന്ധിയിലാണ്. കെഎല്‍ രാഹുലിനെ ടെസ്റ്റില്‍ ഓപ്പണറായി ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം.

