ഒളിംപിക്സ് ഹോക്കി വെങ്കല ജേതാവ് ശ്രീജേഷിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും
തിരുവനന്തപുരം: ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍. ശ്രീജേഷിനെ അഭിനന്ദനമറിയിച്ച് കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
വെങ്കല മെഡല്‍ മത്സരത്തില്‍ ജര്‍മനിയുടെ നിരവധി ആക്രമണങ്ങള്‍ തട്ടിത്തെറിപ്പിച്ചത് ശ്രീജേഷിന്റെ കാവല്‍മികവാണെന്നും, അദ്ദേഹത്തിന് അര്‍ഹമായ എല്ലാ അംഗീകാരവും കേരള സര്‍ക്കാര്‍ നല്‍കുമെന്നും കായികമന്ത്രി വി. അബ്ദുറഹിമാനും ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഹോക്കിയുടെ പ്രചാരണത്തിന് കായികവകുപ്പ് വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കും, കേരളത്തില്‍ കൂടുതല്‍ ഹോക്കി ടര്‍ഫുകള്‍ ഒരുക്കും, ഹോക്കി ടൂര്‍ണമന്റെുകളും സംഘടിപ്പിക്കും, ഹോക്കിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ശ്രീജേഷിനെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.
കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടി ടോക്കിയോയില്‍ ചരിത്രം കുറിച്ചത്.










