ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ റഫറിക്കെതിരെ പ്രതിഷേധമറിയിച്ച് ഫ്രഞ്ച് താരം മൗറാദ് അലീവ് റിങില്‍ ഇരുന്നു. ബ്രിട്ടീഷ് താരം ഫ്രാസര്‍ ക്ലാര്‍ക്കുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ റഫറിയുടെ വിധിയാണ് ഫ്രഞ്ച് താരത്തെ ചൊടിപ്പിച്ചത്.
ആദ്യ രണ്ട് റൗണ്ടുകളില്‍ മുന്നിട്ട് നിന്ന മൗറാദ് അലീവ് ബ്രിട്ടീഷ് എതിരാളിയെ തലകൊണ്ട് ഇടിച്ചുവെന്ന് വിധിച്ച് മത്സരത്തില്‍ നിന്നും അയോഗ്യനാക്കുകയായിരുന്നു. എന്നാല്‍, താന്‍ മനപൂര്‍വ്വം ഇടിച്ചതല്ലെന്നും, അബദ്ധവശാല്‍ തലയില്‍ ഇടിക്കുന്നത് ബോക്‌സിങ്ങില്‍ ഫൗളല്ലെന്നും മൗറാദ് വാദിച്ചു.
ശേഷം, വിജയിയായി പ്രഖ്യാപിച്ച ഫ്രാസര്‍ ക്ലാര്‍ക്കിന് കൈകൊടുക്കാതെ താരം റിങില്‍ തന്നെ ഇരുന്ന് പ്രതിഷേധിച്ചു. ഒഫീഷ്യലുകള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൗറാദ് വഴങ്ങിയില്ല. ഒടുവില്‍ കോച്ചിംഗ് സ്റ്റാഫുകള്‍ രംഗത്തെത്തി താരത്തെ ശാന്തനാക്കി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
അരമണിക്കൂറോളം മൗറാദ് റിങില്‍ ഇരുന്ന് പ്രതിഷേധിച്ചു. റിങ്ങ് വിട്ട് ഇറങ്ങി പോകുമ്പോഴും താനാണ് ജയിച്ചതെന്ന് മൗറാദ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഫ്രഞ്ച് താരത്തിന്റെ ഈ പ്രതിഷേധം ലോക ഒളിംപിക് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

