ടോക്കിയോ: ഒളിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ മെഡല്‍ പ്രതീക്ഷ നല്‍കിയ ഇന്ത്യയുടെ കമല്‍ പ്രീത് കൗര്‍ ഫൈനലില്‍ ആറാം സ്ഥാനത്ത്. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. യോഗ്യതാറൗണ്ടിലെ പ്രകടനം പോലും താരത്തിന് ഫൈനലില്‍ പുറത്തെടുക്കാനായില്ല.
അതേസമയം, ആദ്യ അവസരത്തില്‍ തന്നെ 68.98 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കന്‍ താരം വലരി ഓള്‍മാനാണ് സ്വര്‍ണം നേടിയത്. 66.86 മീറ്റര്‍ ദൂരവുമായി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ജര്‍മ്മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സ് വെള്ളിയും, 65.72 മീറ്റര്‍ ദൂരവുമായി ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി.
തന്റെ ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ കണ്ടെത്തിയ കമല്‍പ്രീത് രണ്ടാം ശ്രമം ഫൗളാക്കി. മൂന്നാം ശ്രമത്തില്‍ 63.70 നേടി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും നാലാം ശ്രമവും ഫൗളാകുകയായിരുന്നു. അഞ്ചാം ശ്രമത്തില്‍ 61.37 മീറ്റര്‍ എറിഞ്ഞ കമല്‍പ്രീതിന് അവസാന ശ്രമം മെഡലിലേക്ക് എറിയാനാകാതെ വീണ്ടും ഫൗളാകുകയായിരുന്നു.
ഒളിംപിക്സ് അത്ലറ്റിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കമല്‍പ്രീത് കൗര്‍. 66.59 ആണ് കമല്‍പ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

