പനാജി: ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെയോട് തോറ്റെങ്കിലും ബ്ളാസ്റ്റേഴ്‌സിന്റെ കളി പ്രതീക്ഷക്കു വക നല്‍കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഐ എം വിജയന്‍ അഭിപ്രായപ്പെട്ടു.
ലീഗ് തുടങ്ങിയിട്ടേ ഉള്ളൂവെന്നും ആദ്യ മത്സരം മാത്രം അടിസ്ഥാനപ്പെടുത്തി ടീമിന്റെ പ്രകടനത്തെ അളക്കാന്‍ സാധിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും സീസണുകളില്‍ കളിക്കാര്‍ക്ക് നേരിട്ട പരിക്കുകളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണമെന്നും ഒരു പരിധി വരെ കളിക്കാരെ തിരഞ്ഞെടുത്തതില്‍ വന്ന പിഴവും ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് വിജയന്‍ പറഞ്ഞു. എന്നാല്‍, ഇത്തവണ മാനേജ്‌മെന്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ കാര്യമായ ശ്രദ്ധചെലുത്തിയിട്ടുണ്ടെന്ന് കരുതുന്നുവെന്നും പ്രീ സീസണിലെ മത്സര ഫലങ്ങള്‍ ഈ ടീമില്‍ പ്രതീക്ഷ വെക്കാന്‍ മതിയായ കാരണമാണെന്നും വിജയന്‍ വ്യക്തമാക്കി. നിലവിലെ താരങ്ങളില്‍ സുനില്‍ ഛേത്രിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനെന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളില്‍ കെ പി രാഹുലിനെ ആണ് ഏറ്റവും ഇഷ്ടമെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.

