ഐ എസ് എല്‍ ഫുട്ബോളിന്റെ എട്ടാം സീസണ് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് ഗോവ ഫറ്റോര്‍ദയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളി എ.ടി.കെ മോഹന്‍ ബഗാനാണ്. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. കഴിഞ്ഞ സീസണിലെ പോലെ തന്നെ ഹോം ആന്‍ഡ് എവെ സംവിധാനം ഒഴിവാക്കി ഗോവയിലെ 3 മൈതാനങ്ങളിലായാണ് ഇത്തവണ ഐഎസ്എല്‍.
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ ബഗാന് വരുന്നത്. സെര്ബിയക്കാരന് വുകോമനോവിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്. 20 മത്സരങ്ങളില്‍ നിന്ന് 3 വിജയങ്ങള്‍ ഉള്‍പ്പെടെ 17 പോയിന്റാണ് ടീം നേടിയത്. വാസ്കോയിലെ തിലക് മൈതാനിയാണ് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ട്. ആറ് വിദേശതാരങ്ങളുടെയും ആറ് മലയാളി താരങ്ങളുടെയും സാന്നിധ്യം ജെസ്സല്‍ കാര്‍നെയ്റോ നയിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിലുണ്ട്.
അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സ് അടക്കം ആറു ടീമുകള്‍ പുതിയ പരിശീലകനുമായാണ് സീസണിനെത്തുന്നത്. അന്റോണിയോ ഹബാസാണ് എടികെ മോഹന്‍ബഗാന്റെ പരിശീലകന്.

