ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ഹാട്രിക് ജയം!

cricket

കൊല്‍ക്കത്ത: ദ്രാവിഡ്- രോഹിത് കോമ്പിനേഷനില്‍ ആദ്യമായി കളത്തിലിറങ്ങിയ ടീം ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെ ആധികാരിക വിജയം. ആദ്യ രണ്ടു കളികളും ജയിച്ച് ഇന്ത്യ നേരത്തേ പരമ്പര കൈക്കലാക്കിയിരുന്നു. എന്നാല്‍, അവസാന മല്‍സരത്തിലും തകര്‍പ്പന്‍ ജയവുമായി കിവികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. 73 റണ്‍സിനാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്.

മൂന്നാമങ്കത്തിലും ടോസ് ലഭിച്ച നായകന്‍ രോഹിത് ഇത്തവണ പക്ഷെ ബാറ്റിങായിരുന്നു തിരഞ്ഞെടുത്തത്. ഏഴു വിക്കറ്റിനു 184 റണ്‍സെന്ന വലിയൊരു ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി. എന്നാല്‍, കിവികള്‍ക്കു കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഈ സ്‌കോര്‍ ചേസ് ചെയ്യുമെന്ന പ്രതീതി പോലുമുണ്ടാനായില്ല. വിക്കറ്റുകള്‍ അവര്‍ക്കു തുടര്‍ച്ചയായി നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 17.2 ഓവറില്‍ 111 റണ്‍സിന് കിവികളുടെ പോരാട്ടമവസാനിക്കുകയും ചെയ്തു. 36 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെട്ടതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്സ്. ഗപ്റ്റിലിനെക്കൂടാതെ ടിം സെയ്ഫേര്‍ട്ട് (17), ലോക്കി ഫെര്‍ഗൂസന്‍ (14) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍.

രണ്ടാം ടി20യില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിനും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യ വിശ്രമം നല്‍കി. പകരം ഇഷാന്‍ കിഷനും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലേക്കു വന്നത്. പരമ്പരയില്‍ രണ്ടുപേരുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. അതേസമയം, ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ നയിച്ചത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ മിച്ചെല്‍ സാന്റ്നറാണ്. ആദ്യ രണ്ടു കളികളിലും ടിം സൗത്തിയായിരുന്നു നായകന്‍. സൗത്തിക്കു മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡ് വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം ലോക്കി ഫെര്‍ഗൂസനാണ് ടീമിലെത്തിയത്. നേരത്തേ ജയ്പൂരിലായിരുന്നു ആദ്യ ടി20 മല്‍സരം നടന്നത്. ഈ കളിയില്‍ ആവേശകരമായ റണ്‍ചേസിനൊടുവില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യയായിരുന്നു. ഈ മല്‍സരത്തിലൂടെ മധ്യപ്രദേശുകാരനായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തു.