ജയ്പൂര്‍: സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയിലും നായകന് രോഹിത് ശര്‍മയുടെ മിന്നും പ്രകടനത്തിലും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. രാഹുല്‍ ദ്രാവിഡ് കോച്ചായതിനും രോഹിത് ശര്‍മ ടി20 ടീമിന്റെ നായകനായതിനും ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 164 എന്ന സ്കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്. മാര്ട്ടിന് ഗുപ്റ്റില്‍ (70), മാര്‍ക്ക് ചാപ്മാന് (63) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, രവി ചന്ദ്രന് അശ്വിന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ബോളിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനത്തോട് നീതി പുലര്‍ത്തുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മൂന്നാം പന്തില്‍ ഡാരില്‍ മിച്ചലിനെ പൂജ്യത്തിന് ഭുവനേശ്വര്‍ കുമാര്‍ മടക്കി. എന്നാല്‍ പിന്നീടെത്തിയ ചാപ്മാന് ഗുപ്റ്റിലിനെ കൂട്ടു പിടിച്ച് അപകടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 109 റണ്‍സിന്റെ കൂട്ടുകെട്ട് സമ്മാനിക്കാന്‍ സഖ്യത്തിനായി.
50 പന്തില്‍ ആറ് ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെയായിരുന്നു ചാപ്മാന്റെ ഇന്നിങ്സ്. ചാപ്മാന് വീണതിന് ശേഷം ഗുപ്റ്റില്‍ ആക്രമണം ഏറ്റെടുത്തെങ്കിലും സ്കോര്‍ ബോര്‍ഡ് വലിയ രീതിയില്‍ ചലിപ്പിക്കാനായില്ല. കേവലം 42 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് ഗുപ്റ്റില്‍ മടങ്ങിയത്. മൂന്ന് ഫോറുകളും നാല് പടുകൂറ്റന്‍ സിക്സറുകളും ഗുപ്റ്റിലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പിന്നീടെത്തിയ ഓരോ ബാറ്റര്‍മാരെയും വേഗത്തില്‍ മടക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കായി. അശ്വിനും ഭുവിക്കും പുറമെ ദീപക് ചഹറും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും നേടി.

