Sports (Page 155)

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ വെറും കാഴ്ചക്കാരാക്കി എടികെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത നാലു ഗോളിനായിരുന്നു എടികെയുടെ ജയം. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും. റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ്, ലിസ്റ്റണ്‍ കൊളാക്കോ എന്നിവരാണ് എടികെക്കായി ലക്ഷ്യം കണ്ടത്. അങ്ങനെ, രണ്ടു ജയവും ആറു പോയന്റുമായി മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.

കളിയുടെ ആദ്യ മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണം തുടങ്ങിയത്. എന്നാല്‍, വൈകാതെ കളം പിടിച്ച എടികെ ഒമ്പതാം മിനിറ്റില്‍ തന്നെ ഗോളിലേക്ക് ലക്ഷ്യം വെച്ചു. റോയ് കൃഷ്ണയുടെ ഷോട്ട് പക്ഷെ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടചാര്യ രക്ഷപ്പെടുത്തി. എന്നാല്‍, പ്രീതം കോടാലിന്റെ പാസില്‍ നിന്ന് റോയ് കൃഷ്ണ തന്നെ ബഗാനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന്റെ വിജയാഘോഷം തീരും മുമ്പ് പതിനാലാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് ബഗാനെ രണ്ടടി മുന്നിലെത്തിച്ചു. പതിനെട്ടാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോയെ ഈസ്റ്റ് ബംഗാള്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.

എന്നാല്‍, നാലു മിനിറ്റിനകം ലിസ്റ്റന്‍ കൊളാക്കോ ഈസ്റ്റ് ബംഗാളിന്റെ വലയില്‍ പന്തെത്തിച്ച് ബഗാന് മൂന്നാം ഗോള്‍ സമ്മാനിച്ചു. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ക്ക് പിഴച്ചപ്പോള്‍ ഓടിയെത്തിയ ലിസ്റ്റണ്‍ കൊളാക്കോ ഒഴിഞ്ഞ വലയില്‍ പന്തെത്തിച്ച് ബഗാനെ മൂന്നടി മുന്നിലാക്കി. 28-ാം മിനിറ്റില്‍ മന്‍വീറിന്റെ ഗോളെന്നുറച്ച ഷോട്ട് അരിന്ദം അത്ഭുകതരമായി രക്ഷപ്പെടുത്തി. 33-ാം മിനിറ്റില്‍ പരിക്കേറ്റ അരിന്ദം ഭട്ടചാര്യക്ക് പകരം സുവം സെന്‍ ഗോള്‍വല കാക്കാനെത്തി. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ സുവം സെന്‍ ഈസ്റ്റ് ബംഗാളിനെ കാത്തു. രണ്ടാം പകുതിയിലും എടികെയുടെ ആക്രമണങ്ങളായിരുന്നു കൂടുതലും.

അടുത്ത ഐ പി എല്ലിനായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന ആദ്യ താരം സഞ്ജു സാംസണ്‍ തന്നെ. മലയാളി താരവും രാജസ്ഥാന്റെ ക്യാപ്റ്റനുമായ സഞ്ജു 14 കോടിയുടെ കരാറില്‍ ആണ് ക്ലബില്‍ തുടരുക.

സഞ്ജു തന്നെ ആകും പുതിയ സീസണിലും രാജസ്ഥാന്റെ ക്യാപ്റ്റന്‍. 2019 മുതല്‍ രാജസ്ഥാന് ഒപ്പമുള്ള താരമാണ് സഞ്ജു സാംസണ്‍. 2013 മുതല്‍ 2015വരെയും സഞ്ജു സാംസണ്‍ രാജസ്ഥാന് ഒപ്പമായിരുന്നു. ബട്‌ലറെയും രാജസ്ഥാന്‍ നിലനിര്‍ത്തും എന്നാണ് സൂചന.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എടികെ മോഹന്‍ ബഗാനെ നേരിടും. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത ആവേശത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഇറങ്ങുമ്പോള്‍ ജംഷഡ്പൂരിനോട് സമനില വഴങ്ങിയാണ് ഈസ്റ്റ് ബംഗാള്‍ എത്തുന്നത്. ഇരു ടീമുകളും തമ്മിലുള്ള 380)ം പോരാട്ടത്തിനാണ് ഗോവ വദിയാവുന്നത്.

132 ജയമുള്ള ഈസ്റ്റ് ബംഗാളാണ് മുന്നില്‍. മോഹന്‍ബഗാന്‍ 122 ജയം സ്വന്തമാക്കിയപ്പോള്‍ 125 മത്സരങ്ങള്‍ സമനില. സമീപകാലത്തും ഐഎസ്എല്ലിലും പക്ഷേ എടികെയ്ക്ക് മേല്‍ക്കൈ. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും ജയം. നിരാശ മറക്കാന്‍ എടികെയ്ക്കൊപ്പം ഗോള്‍ഡന്‍ ഗ്ലൗ നേടിയ അരിന്ദം ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള പുത്തന്‍ താരങ്ങളെ ഈസ്റ്റ് ബംഗാള്‍ എത്തിച്ചു.

ഇന്ന് രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി, ഹൈദരാബാദിനെ നേരിടും. രാത്രി 9.30ന് ആണ് മത്സരം. ഐഎസ്എല്ലില്‍ ആദ്യമായാണ് 9.30ന് കിക്കോഫ് . ആദ്യ മത്സരത്തില്‍ എഫ്സി ഗോവയെ തകര്‍ത്താണ് മുംബൈ വരുന്നതെങ്കില്‍ ചെന്നൈയിനോട് തോറ്റാണ് ഹൈദരാബാദ് എത്തുന്നത്.

മുംബൈ: കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 345ന് പുറത്തായി. രണ്ടാം ദിനത്തില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ടമായി. 38 റണ്‍സെടുത്ത ആര്‍.അശ്വിന്റെയും ഉമേഷ് യാദവിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. സെഞ്ച്വറി നേടിയ അരങ്ങേറ്റ കളിക്കാരന്‍ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

നാല് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റണ്‍സ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. 112 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.

പിന്നീടെത്തിയ സാഹ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ക്രീസിലെത്തിയ അശ്വിനെ കുട്ടുപിടിച്ച് ശ്രേയസ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. 171 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ്സിനെ സൗത്തി വില്‍ യങ്ങിന്റെ കൈയ്യിലെത്തിച്ചു. ശേഷം വന്ന അക്ഷര്‍ പട്ടേല്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മടങ്ങി. ന്യൂസിലന്‍ഡിനായി ടിം സൗത്തി അഞ്ചും കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

ഐപിഎല്ലിന്റെ അടുത്ത മൂന്ന് സീസണുകളിലും തങ്ങളുടെ ദീര്‍ഘകാല ക്യാപ്റ്റനായി എംഎസ് ധോണിയെ തന്നെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തീരുമാനിച്ചു. അതേസമയം, 2021 ഐപിഎല്‍ കിരീടം സിഎസ്‌കെയ്ക്ക് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയും കിംഗ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്.

ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച്, ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താന്‍ അനുവാദമുണ്ട്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുമായും സിഎസ്‌കെ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ ഇന്ത്യയില്‍ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവിച്ചതിനാല്‍, ചെന്നൈയുടെ സാഹചര്യത്തില്‍ സ്പിന്നിലും സ്ലോയിലും കളിക്കാന്‍ അലിക്ക് കഴിയുമെന്ന് സിഎസ്‌കെ കരുതുന്നു. അലി തുടരാന്‍ സമ്മതിച്ചില്ലെങ്കില്‍, ഇടങ്കയ്യന്‍ മീഡിയം പേസര്‍ സാം കറന്‍ ആവും ചെന്നൈ നില നിര്‍ത്തുന്ന നാലാം താരം.

നവംബര്‍ 30-നകം കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിക്കണം, ‘ഞാന്‍ എപ്പോഴും എന്റെ ക്രിക്കറ്റ് പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എന്റെ അവസാന ഏകദിനം റാഞ്ചിയിലായിരുന്നു. എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത വര്‍ഷമാണോ അതോ അഞ്ച് വര്‍ഷത്തിനുള്ളിലാണോ എന്ന് എനിക്കറിയില്ല,’എന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. തന്റെ ഐപിഎല്‍ വിരമിക്കല്‍ ഊഹാപോഹങ്ങള്‍ അസ്ഥാനത്താക്കിയായിരുന്നു ധോണിയുടെ പ്രതികരണം.

അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് നില നിര്‍ത്തുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, പേസര്‍ ആന്റിച്ച് നോര്‍ട്ട്‌ജെ എന്നിവരെയാണ്. രോഹിത് ശര്‍മ്മയെയും ജസ്പ്രീത് ബുംറയെയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. ഇഷാന്‍ കിഷനെ നില നിര്‍ത്താനുള്ള സാധ്യതയും അവര്‍ പരിശോധിക്കുന്നു.
രണ്ട് പുതിയ ടീമുകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റല്‍സും ഏതാനും മുന്‍നിര ഇന്ത്യന്‍ കളിക്കാരെ സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗോയങ്കയുടെ പുതിയ ലഖ്നൗ ടീമിനെ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിക്കാനാണ് സാധ്യത. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ രണ്ട് ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്നെയും ആന്ദ്രെ റസ്സലിനെയും നില നിര്‍ത്താന്‍ സാധ്യതയുണ്ട്.

കാണ്‍പൂര്‍: കിവീസിനെതിരെയുള്ള ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ നാലിന് 258 റണ്‍സ് എന്ന നിലയില്‍. 93 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 52 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

29ആം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ 82ല്‍ നില്‍ക്കെയാണ് ഗില്‍ പുറത്തായത്. മായങ്ക് അഗര്‍വാളിന് സ്‌കോര്‍ ബോര്‍ഡിന് കാര്യമായ പിന്തുണ നല്കാന്‍ കഴിഞ്ഞില്ല. 28 പന്തില്‍ 13 റണ്‍സുമായി മായങ്ക് പുറത്തായി. 88 പന്തില്‍ 26 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയെ ടിം സൗത്തിയാണ് പുറത്താക്കിയത്. പൂജാര പുറത്താകുമ്പോള്‍ സ്‌കോര്‍ 106ന് 3. തൊട്ടുപിന്നാലെ 49.2 ഓവറില്‍ 63 പന്തില്‍ 35 റണ്‍സെടുത്ത അജിന്‍ക്യ രഹാനയെ ജാമിസന്‍ പുറത്താക്കി.

136 പന്തില്‍ 7 ഫോറും 2 സിക്‌സുമടക്കം 75 റണ്‍സ് നേടിയ ശ്രേയസ് അയ്യരും, 100 പന്തില്‍ 6 ബൗണ്ടറിയടക്കം 50 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ബൗളിങ്ങില്‍ കിവീസിനായി ടിം സൗത്തീ 1 വിക്കറ്റും, കെയ്ല്‍ ജാമിസന്‍ 3 വിക്കറ്റും നേടി.

ന്യൂഡല്‍ഹി: കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്. ക്യാപ്റ്റന്‍ രഹാനെയും, ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ദയനീയമായി കീഴടങ്ങിയശേഷം ആദ്യമായാണ് ഇന്ത്യ അതേ ഫോര്‍മാറ്റില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നത്.

ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ (13), ശുഭ്മന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 28 പന്തില്‍ 13 റണ്‍സെടുത്ത അഗര്‍വാളിനെ കൈല്‍ ജാമിസന്‍ പുറത്താക്കി. രണ്ടു ഫോറുകള്‍ ഉള്‍പ്പെടുന്നതാണ് അഗര്‍വാളിന്റെ ഇന്നിങ്‌സ്. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍ – അഗര്‍വാള്‍ സഖ്യം 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, വിരാട് കോലിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യയെ നയിക്കുന്ന അജിന്‍ക്യ രഹാനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്പിന്നിനെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം അക്ഷര്‍ പട്ടേലിനും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍ ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബോളര്‍മാര്‍. ന്യൂസീലന്‍ഡ് നിരയില്‍ രണ്ടു സ്പിന്നര്‍മാരുണ്ട്. അജാസ് പട്ടേല്‍, വില്‍ സോമര്‍വില്‍ എന്നിവരാണ് കിവീസിനായി സ്പിന്‍വിഭാഗം കൈകാര്യം ചെയ്യുക.

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ അടുത്ത വര്‍ഷം ഏപ്രില്‍ 2 ന് ചെന്നൈയില്‍ വെച്ചു നടക്കുന്ന മത്സരത്തോടെയാകും തുടക്കമാവുകയെന്ന സൂചനകള്‍ പുറത്ത്. ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതു വരെ നടത്തിയിട്ടില്ലെങ്കിലും, ഏപ്രില്‍ 2 തന്നെയായിരിക്കും ടൂര്‍ണമെന്റിന്റെ ആരംഭ തിയ്യതിയെന്ന കാര്യം ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തിയതോടെ 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റായി അടുത്ത വര്‍ഷം മുതല്‍ ഐപിഎല്‍ മാറും. ഇത് കൊണ്ടു തന്നെ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന 60 ലീഗ് മത്സരങ്ങള്‍ക്ക് പകരം 74 ലീഗ് മത്സരങ്ങളാകും 2022 സീസണിലുണ്ടാവുക. ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന പതിനഞ്ചാം സീസണ്‍ ഐപിഎല്ലിന്റെ ഫൈനല്‍ മത്സരം ജൂണ്‍ ആദ്യ വാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ നാലിനോ, അഞ്ചിനോ ആകും ഫൈനല്‍.

പതിനഞ്ചാം സീസണ്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തതകളൊന്നും വന്നിട്ടില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് തന്നെ ഈ മത്സരത്തില്‍ എതിരാളികളായെത്താനാണ് സാധ്യത.

ന്യൂഡല്‍ഹി: രവി ശാസ്ത്രിക്ക് പറ്റിയ പണി കമന്ററിയാണെന്ന് പരിഹസിച്ച് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ പരിശീലകന്‍ ആയിരുന്ന സമയത്തും ശാസ്ത്രി കൂടുതലും ചെയ്തിരുന്നത് വാചകമടി മാത്രമായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോള്‍ ആ വിജയം 1983ലെ ലോകകപ്പ് നേട്ടത്തെക്കാളും ഉയര്‍ന്നതാണെന്ന് അന്നത്തെ ഇന്ത്യന്‍ ടീം പരിശീലകന്‍ ആയിരുന്ന രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. അന്ന് തന്നെ ശാസ്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച കളി കാഴ്ചവച്ചുവെങ്കില്‍ അത് നല്ല കാര്യം തന്നെയാണ്. എന്നാല്‍, സ്വയം പുകഴ്‌ത്തേണ്ട ആവശ്യമില്ല. മറ്റുള്ളവരാണ് നമ്മെ പ്രശംസിക്കേണ്ടത്. രവി ശാസ്ത്രിയെ പോലെ ഒരിക്കലും ദ്രാവിഡ് പെരുമാറില്ല. എത്ര കളി ജയിച്ചാലും അദ്ദേഹത്തിന്റെ വാക്കുകളില്‍ എളിമയുണ്ടായിരിക്കും, ആ വാക്കുകളുടെ ശ്രദ്ധാകേന്ദ്രം എപ്പോഴും കളിക്കാരായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരായ ടി-ട്വന്റി പരമ്പര 3 – 0ന് തൂത്തുവാരിയപ്പോള്‍ നിലവിലെ പരിശീലകനായ ദ്രാവിഡ് വളരെ പക്വമായ പ്രതികരണമാണ് നടത്തിയത്. മതിമറന്ന് ആഘോഷിക്കേണ്ടതായി ഈ വിജയത്തില്‍ ഒന്നുമില്ലെന്നും ടി ട്വന്റി ലോകകപ്പിനു ശേഷം വെറും മൂന്ന് ദിവസത്തെ വിശ്രമം മാത്രമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചതെന്നും ഇന്ത്യയില്‍ ആറ് ദിവസം കൊണ്ട് മൂന്ന് ടി ട്വന്റികള്‍ അവര്‍ കളിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു. ന്യൂസിലാന്‍ഡ് ടീം വളരെയേറെ ക്ഷീണിതരായിരുന്നെന്നും അതിനാലാണ് ഇന്ത്യക്ക് അവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ സാധിച്ചതെന്നും പറയാതെ പറയുകയായിരുന്നു ദ്രാവിഡ്. ഈ വിജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇതിലും വലിയ വെല്ലുവിളികളെ നേരിടുന്നതിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീര്‍ ഇരു പരിശീലകരെയും താരതമ്യം ചെയ്യുന്ന അഭിമുഖം പുറത്തു വന്നത്.

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് മുമ്പായി ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നും പുറത്തായി. രാഹുലിന് പകരം സൂര്യകുമാര്‍ യാദവിനെ ടീമിലുള്‍പ്പെടുത്തി.

ആദ്യ ടെസ്റ്റില്‍ വിശ്രമം ലഭിച്ച കോഹ്ലി മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ. രോഹിത് ശര്‍മ്മയെ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് കെ എല്‍ രാഹുലിന്റെ അഭാവം കനത്ത തിരിച്ചടിയായിരിക്കും. ഇരുവരുടേയും അഭാവത്തില്‍ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുന്നത്. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍.

കെ എല്‍ രാഹുലിന്റെ ഇടത് തുടയിലെ പേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് രാഹുല്‍ ബംഗളൂരുവിലുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സ നടത്തുമെന്നും ന്യൂസിലന്‍ഡ് പരമ്പരക്ക് ശേഷമുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഓപ്പണര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബി സി സി ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.