Sports (Page 148)

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- മുംബൈ സിറ്റി എഫ്സി മത്സരം അവസാനിച്ചത് സമനിലയില്‍. ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ഇഗോര്‍ ആന്‍ഗുലോ മുംബൈക്കായി ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ ബിബിന്‍ സിംഗും നേടി. ദെഷ്രോണ്‍ ബ്രൗണാണിന്റെ ഹാട്രിക് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്. മുംബൈ എട്ട് മത്സരങ്ങളില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാമതാണ്.

29-ാം മിനിറ്റില്‍ ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ഇമ്രാന്‍ ഖാന്റെ സഹായത്തിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ ബിബിന്റെ അസിസ്റ്റില്‍ ആന്‍ഗുലോ മുംബൈക്കായി വലകുലുക്കി. 40-ാം മിനിറ്റില്‍ വീണ്ടും മുംബൈക്ക് ലീഡ്. ഇത്തവണ ആന്‍ഗുലോ പന്തെത്തിച്ചപ്പോള്‍ ബിബിന്‍ ഗോള്‍ നേടി. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് ഏഴാം മിനിറ്റുകള്‍ക്കകം ആന്‍ഗുലോ തന്റെ രണ്ടാംഗോള്‍ നേടി. മുംബൈ 3-1ന് മുന്നില്‍. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മൂന്ന് മിനിറ്റുകള്‍ക്കകം ഒരുഗോള്‍ തിരിച്ചടിച്ചു. ബ്രൗണിന്റെ രണ്ടാം ഗോള്‍. 80-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍.

വാസ്‌കോ: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് സമനിലയില്‍ പിടിച്ചത്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി നേരിടാതെ മടങ്ങുന്നത്. സമ നിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാമതാണ്.13 പോയിന്റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്.

മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ്സിയെയും തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയത്. ആല്‍വാരോ വാസ്‌ക്വേസും പെരേര ഡയസും ആക്രമണത്തില്‍ തുടരുന്ന 4-4-2 ശൈലി ഇവാന്‍ വുകോമനോവിച്ച് സ്വീകരിച്ചു. എന്നാല്‍, കളി തുടങ്ങി 14-ാം മിനുറ്റില്‍ ഗോളി ഗില്ലിനെ പരീക്ഷിച്ച് ഗ്രെഗ് സ്റ്റെവാര്‍ട്ട് ബ്ലാസ്റ്റേഴ്സിനെ വേദനപ്പിച്ചു. പക്ഷെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വല ചലിപ്പിച്ച മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് 27-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. സീസണില്‍ സഹലിന്റെ നാലാം ഗോളാണിത്. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.

രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആഞ്ഞു പരിശ്രമിച്ചെങ്കിലും നാല് മിനിറ്റ് അധികസമയത്തും ഗോള്‍ മാറിനിന്നു.

ന്യൂഡല്‍ഹി: താന്‍ ടീമില്‍ നിന്നും പുറത്തായതിന്റെ കാരണം ആരും ചോദിച്ചില്ലെന്ന് ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ സീംഗിന്റെ പരാമര്‍ശം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നേട്ടങ്ങളുണ്ടാക്കിയ ഒരാളെ വേണ്ടാതായാല്‍ പിന്നീട് അയാളോട് മിണ്ടാന്‍ പോലും ആരും തയാറാകില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

2011 ലോകകപ്പ് വിജയത്തിന് ശേഷം പകരക്കാരനായി അശ്വിനെത്തിയതോടെ ഭാജിക്ക് ടീമിലെ സ്ഥിരമായ ഇടം നഷ്ടമാവുകയായിരുന്നു. ഇത് തന്റെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉയരാന്‍ കാരണമായെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. 400 വിക്കറ്റുകള്‍ നേടിയ ഒരാള്‍ നിരന്തരമായി ടീമിന് പുറത്തേക്ക് പോകുമ്പോള്‍ സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരുമെന്നും ഈ ചോദ്യങ്ങള്‍ താന്‍ പലരോടും ചോദിച്ചുവെന്നും എന്നാല്‍, ആരില്‍ നിന്നും ഉത്തരം ലഭിച്ചില്ലെന്നും ഹര്‍ഭജന്‍ പറയുന്നു.

തക്കസമയത്ത് പിന്തുണ ലഭിച്ചിരുന്നുവെങ്കില്‍ 500 മുതല്‍ 550 വിക്കറ്റ് വരെ ടെസ്റ്റില്‍ നേടാമായിരുന്നു. മൂന്നോ നാലോ വര്‍ഷം കൂടി കളിച്ചിരുന്നുവെങ്കില്‍ ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിക്കുമായിരുന്നുവെന്നും ഭാജി പറഞ്ഞു.

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കി ഹിമാചല്‍ പ്രദേശ്. ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചലിന്റെ ആദ്യ കിരീടമാണിത്. വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നപ്പോള്‍ വിജെഡി നിയമപ്രകാരം തമിഴ്‌നാടിനെതിരെ ഹിമാചലിനെ 11 റണ്‍സിന് വിജയിയായി പ്രഖ്യാപിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ തമിഴ്നാട് 49.4 ഓവറില്‍ 314 എല്ലാവരും പുറത്തായി. ദിനേശ് കാര്‍ത്തിക് (116) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഹിമാചല്‍ ഓവറില്‍ 47.3 ഓവറില്‍ നാലിന് 299 എന്ന നിലയില്‍ നില്‍ക്കെ വെളിച്ചക്കുറവ് വില്ലനാവുകയായിരുന്നു. ശുഭം അറോറ പുറത്താവാതെ നേടിയ 136 റണ്‍സാണ് ഹിമാചലിന് വിജയം സമ്മാനിച്ചത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഹിമാചിന് 96 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പ്രശാന്ത് ചോപ്ര (21), ദിഗ്വിജയ് രംഗി (0), നിഖില്‍ ഗംഗ്ത (18) എന്നിവരാണ് മടങ്ങിയത്. പിന്നാലെ അറോറയ്ക്കൊപ്പം ഒത്തുച്ചേര്‍ന്ന അമിത് കുമാറാണ് (79 പന്തില്‍ 74) വിജയം എളുപ്പമാക്കിയത്. ഇരുവരും 148 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അമിത്തിനെ വീഴ്ത്തിയെങ്കിലും ക്യാപ്റ്റന്‍ ഋഷി ധവാനെ () കീഴ്പ്പെടുത്താനായില്ല. അറോറയ്ക്കൊപ്പം ഉറച്ചുനിന്ന അദ്ദേഹം ഹിമാനചലിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഋഷിയുടെ ഇന്നിംഗ്സ്. അറോറ 131 പന്തില്‍ 136 റണ്‍സുമായി പുറത്താവാതെ നിന്നു. ഒരു സിക്സും 13 ഫോറും ഇന്നിംഗ്സിലുണ്ടായിരുന്നു.

വാഷിംഗ്്ടണ്‍ സുന്ദര്‍, രവി കിഷോര്‍, മുരുകന്‍ അശ്വിന്‍, ബാബ അപാരാജിത് എന്നിവര്‍ തമിഴ്നാടിനായി ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ നാലിന് 40 എന്ന നിലയില്‍ തകര്‍ന്ന തമിഴ്നാടിനെ കാര്‍ത്തികാണ് രക്ഷിച്ചത്. ബാബ ഇന്ദ്രജിത്ത് 80 റണ്‍സ് നേടി. ഇരുവരും 202 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്സ്. ഇന്ദ്രജിത്തിന് ശേഷം ക്രീസിലെത്തിയ ഷാറുഖ് ഖാനും (21 പന്തില്‍ 42) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വിജയ് ശങ്കര്‍ 22 റണ്‍സെുത്ത് പുറത്തായി. പങ്കജ് ജയ്സ്വാള്‍ ഹിമാചലിനായി നാല് വിക്കറ്റ് വീഴ്ത്തി. ഋഷി ധവാന് മൂന്ന് വിക്കറ്റുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ മത്സരഫലം പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്ത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാന്‍ ഇത്തവണയും ഇന്ത്യക്കാവില്ലെന്നാണ് ചോപ്ര പറയുന്നത്. മൂന്ന് ടെസ്റ്റ് പരമ്ബര സമനിലയാവാനാണ് കൂടുതല്‍ സാധ്യതയെന്ന് ചോപ്ര പറഞ്ഞു. പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കക്ക് 51 ശതമാനം സാധ്യതയും ഇന്ത്യക്ക് 49 ശതമാനം സാധ്യതയുമാണ് നിലവില്‍ ഞാന്‍ കാണുന്നത്. ഇനി ആരെങ്കിലും പരമ്പര ജയിക്കുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയായിരിക്കുമെന്നും ചോപ്ര പറയുന്നു.

സമീപകാലത്ത് ദക്ഷിണാഫ്രിക്കന്‍ ടീം മികച്ച നിലയിലല്ല ഉള്ളതെന്ന് നമുക്ക് അറിയാം. പക്ഷെ അവര്‍ പതുക്കെ പഴയ കരുത്ത് വീണ്ടെടുക്കുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. ടി20 ലോകകപ്പിലെ അവരുടെ പ്രകടനം കണ്ടാല്‍ അത് ബോധ്യമാവും. എങ്കിലും തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന അവര്‍ക്ക് സ്ഥിരതയുള്ള ടീമാവാന്‍ കുറച്ചുകൂടി സമയമെടുക്കും.

എന്നാല്‍, ഇന്ത്യ പരമ്പര നേടാന്‍ സാധ്യത വളരെ കുറവാണ്. ആന്റിച്ച് നോര്‍ക്യ പരിക്കേറ്റ് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക 2-1ന് പരമ്പര നേടുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമായിരുന്നു. നോര്‍ക്യ ഇല്ലാത്ത സ്ഥിതിക്ക് 1-1 സമനിലയാവാനാണ് സാധ്യത. പരമ്പരയിലെ ഒരു ടെസ്റ്റ് സമനിലയാവാനും സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിനിടെ മഴ വില്ലനാവാനും സാധ്യതയുണ്ട്. അതേസമയം, ഇന്ത്യയുടെ പ്രശ്‌നം തലമുറമാറ്റമല്ല, സഥിരതയില്ലായ്മയാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്‍ മെഗാ ലേല വേദിയായി കൊച്ചിയും പരിഗണിക്കപ്പെടുന്നു. ബംഗളൂരുവിലോ കൊച്ചിയിലോ ലേലം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത ഫെബ്രുവരി 12, 13 തിയ്യതികളില്‍ മെഗാ താരലേലം നടത്താനാണ് നീക്കം. ഇതിനായുള്ള ഒരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് കര കയറാനായാല്‍ മെഗാ ലേലം ഇന്ത്യയില്‍ നടക്കും. ലേലം യുഎഇയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയുമായി അത് തള്ളിക്കളയുകയായിരുന്നു.

പത്ത് ടീമുകളാണ് ഇത്തവണ മെഗാ താര ലേലത്തില്‍ പങ്കെടുക്കുന്നത്. സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലെ ലഖ്‌നൗ ഫ്രാഞ്ചൈസിയും സിവിസി ക്യാപ്പിറ്റലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമാണ് പുതിയ ടീമുകള്‍.

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള ബന്ധം വൈകാതെ തന്നെ മോശമാവുമെന്ന് പ്രവചിച്ച് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത്. മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായും തെറ്റിയ കോലിക്ക് ദ്രാവിഡുമായുള്ള നല്ല ബന്ധം അധികകാലം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് കനേരിയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഇതിഹാസങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് കോലിയെ ഒരു തരത്തിലും സഹായിക്കില്ലെന്നും രണ്ടു വര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയോ ഐസിസി കിരീടങ്ങളോ ഒന്നും നേടാത്ത കോലി ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ സ്വന്തം കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കനേരിയ പറഞ്ഞു.

രവി ശാസ്ത്രിക്ക് മുമ്പ് അനില്‍ കുംബ്ലെയുമായും കോലിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല ക്രിക്കറ്റിന്റെ തന്നെ അംബാസഡര്‍മാരും ലോക ക്രിക്കറ്റില്‍ തന്നെ വലിയ സ്ഥാനമുള്ളവരുമാണ്. ഞാന്‍ അവര്‍ക്കെതിരെ കളിച്ചിട്ടുണ്ട്. എത്രമാത്രം തന്ത്രശാലികളാണ് കളിക്കളത്തില്‍ അവരെന്ന് എനിക്ക് നല്ലപോലെ അറിയാം. അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സൗരവ് ഗാംഗുലിയെപ്പോലൊരു വ്യക്തിക്കെതിരെ 90-ാം മിനിറ്റില്‍ കോലി നടത്തിയ പ്രസ്താവന അനവസരത്തിലായിരുന്നു, കനേരിയ ചൂണ്ടിക്കാട്ടി.

ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. 42ാം മിനിറ്റില്‍ ഇവാന്‍ ഗരിഡോ ഗോണ്‍സാലസാണ് ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 53ാം മിനുറ്റില്‍ ജോനാതസ് ഡെ ജീസസ് ഒഡീഷക്ക് വേണ്ടി ഗോള്‍ മടക്കി.

ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 10 പോയിന്റാണ് ഒഡീഷ നേടിയിരിക്കുന്നത്. അതേസമയം, ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി എട്ട് പോയിന്റാണ് ഗോവക്കുള്ളത്. പോയിന്റ് നിലയില്‍ ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ഒഡീഷയും ഗോവയും.

ബംബോലിം: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ് സിയും ഹൈദരാബാദ് എഫ്‌സിയും സമനിലയില്‍ കളി അവസാനിച്ചുവെങ്കിലും 12 പോയന്റുമായി ഹൈദരാബാദ് എഫ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യ പകുതിയില്‍ ഓരോ കോള്‍ വീതമടിച്ച് ഈസ്റ്റ് ബംഗാളിനായി അമീര്‍ ഡെര്‍വിസെവിച്ചും ഹൈദരാബാദിനായി ബര്‍തൊലോമ്യു ഒഗ്‌ബെച്ചെയും വല കുലുക്കി.

ഈ സീസണില്‍ ഹൈദരാബാദിനായി അഞ്ചാം ഗോള്‍ നേടിയ ഒഗ്‌ബെച്ചെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹ്യൂഗോ ബോമസിനും മുംബൈ സിറ്റി എഫ് സിയുടെ ഇഗോര്‍ അംഗൂളക്കുമൊപ്പം സീസണിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ഈസ്റ്റ് ബംഗാളായിരുന്നു. എന്നാല്‍, ഒടുവില്‍ അവര്‍ക്ക് അതിന് ഫലം ലഭിച്ചത് 20-ാം മിനിറ്റിലായിരുന്നു.

ബോക്‌സിന് പറത്തു നിന്ന് ഡെര്‍വിസെവിച്ച് എടുത്ത ഫ്രീ കിക്കില്‍ നിന്നാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. 34-ാം മിനിറ്റില്‍ ബോക്‌സിന് ഇടതുവശത്തു നിന്ന് ഹൈദരാബാദിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് അപകടമുണ്ടാക്കായില്ലെങ്കിലും തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഈസ്റ്റ് ബംഗാള്‍ ഗോളിന് അടുത്തെത്തി. ഡാനിയേല്‍ ചുക്വുന്റെ പോസ്റ്റിനെ ഉരുമ്മി പുറത്തുപോയതിന് പിന്നാലെ ഹൈദരാബാദ് അടുത്ത നീക്കത്തില്‍ സമനില പിടിച്ചു. അങ്കിത് ജാദവിന്റെ മനോഹരമായ പാസ് പിടിച്ചെടുത്ത് ബോക്‌സിനകത്തുനിന്ന് ഒഗ്‌ബെച്ചെ ഗോളിലേക്ക് നിറയൊഴിച്ചതോടെ ഹൈദരാബാദ് സമനില വീണ്ടെടുത്തു.

മൊഹാലി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ 41കാരന്‍ ഹര്‍ഭജന്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു’, ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹര്‍ഭജന്‍ സ്വന്തമാക്കി. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ.ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി അദ്ദേഹം കളിച്ചത്.

ഇന്ത്യ നേടിയ പല ചരിത്ര വിജയങ്ങളിലും ഹര്‍ഭജന്റെ നിര്‍ണായക സംഭാവനകള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹര്‍ഭജന്‍ ക്രിക്കറ്റിന്റെ പുതുമുഖമായ ടി20യിലും തന്റെ ആധിപത്യം തെളിയിച്ചു. ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ അതില്‍ ഹര്‍ഭജനും നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുണ്ടായിരുന്ന കരാറാണ് വിരമിക്കല്‍ തീരുമാനം വൈകിപ്പിച്ചതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.