ന്യൂഡല്‍ഹി: താന്‍ ടീമില്‍ നിന്നും പുറത്തായതിന്റെ കാരണം ആരും ചോദിച്ചില്ലെന്ന് ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ സീംഗിന്റെ പരാമര്‍ശം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നേട്ടങ്ങളുണ്ടാക്കിയ ഒരാളെ വേണ്ടാതായാല്‍ പിന്നീട് അയാളോട് മിണ്ടാന്‍ പോലും ആരും തയാറാകില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
2011 ലോകകപ്പ് വിജയത്തിന് ശേഷം പകരക്കാരനായി അശ്വിനെത്തിയതോടെ ഭാജിക്ക് ടീമിലെ സ്ഥിരമായ ഇടം നഷ്ടമാവുകയായിരുന്നു. ഇത് തന്റെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉയരാന്‍ കാരണമായെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. 400 വിക്കറ്റുകള്‍ നേടിയ ഒരാള്‍ നിരന്തരമായി ടീമിന് പുറത്തേക്ക് പോകുമ്പോള്‍ സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരുമെന്നും ഈ ചോദ്യങ്ങള്‍ താന്‍ പലരോടും ചോദിച്ചുവെന്നും എന്നാല്‍, ആരില്‍ നിന്നും ഉത്തരം ലഭിച്ചില്ലെന്നും ഹര്‍ഭജന്‍ പറയുന്നു.
തക്കസമയത്ത് പിന്തുണ ലഭിച്ചിരുന്നുവെങ്കില്‍ 500 മുതല്‍ 550 വിക്കറ്റ് വരെ ടെസ്റ്റില്‍ നേടാമായിരുന്നു. മൂന്നോ നാലോ വര്‍ഷം കൂടി കളിച്ചിരുന്നുവെങ്കില്‍ ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിക്കുമായിരുന്നുവെന്നും ഭാജി പറഞ്ഞു.

