ബംബോലിം: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ് സിയും ഹൈദരാബാദ് എഫ്‌സിയും സമനിലയില്‍ കളി അവസാനിച്ചുവെങ്കിലും 12 പോയന്റുമായി ഹൈദരാബാദ് എഫ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യ പകുതിയില്‍ ഓരോ കോള്‍ വീതമടിച്ച് ഈസ്റ്റ് ബംഗാളിനായി അമീര്‍ ഡെര്‍വിസെവിച്ചും ഹൈദരാബാദിനായി ബര്‍തൊലോമ്യു ഒഗ്‌ബെച്ചെയും വല കുലുക്കി.
ഈ സീസണില്‍ ഹൈദരാബാദിനായി അഞ്ചാം ഗോള്‍ നേടിയ ഒഗ്‌ബെച്ചെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹ്യൂഗോ ബോമസിനും മുംബൈ സിറ്റി എഫ് സിയുടെ ഇഗോര്‍ അംഗൂളക്കുമൊപ്പം സീസണിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ഈസ്റ്റ് ബംഗാളായിരുന്നു. എന്നാല്‍, ഒടുവില്‍ അവര്‍ക്ക് അതിന് ഫലം ലഭിച്ചത് 20-ാം മിനിറ്റിലായിരുന്നു.
ബോക്‌സിന് പറത്തു നിന്ന് ഡെര്‍വിസെവിച്ച് എടുത്ത ഫ്രീ കിക്കില്‍ നിന്നാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. 34-ാം മിനിറ്റില്‍ ബോക്‌സിന് ഇടതുവശത്തു നിന്ന് ഹൈദരാബാദിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് അപകടമുണ്ടാക്കായില്ലെങ്കിലും തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഈസ്റ്റ് ബംഗാള്‍ ഗോളിന് അടുത്തെത്തി. ഡാനിയേല്‍ ചുക്വുന്റെ പോസ്റ്റിനെ ഉരുമ്മി പുറത്തുപോയതിന് പിന്നാലെ ഹൈദരാബാദ് അടുത്ത നീക്കത്തില്‍ സമനില പിടിച്ചു. അങ്കിത് ജാദവിന്റെ മനോഹരമായ പാസ് പിടിച്ചെടുത്ത് ബോക്‌സിനകത്തുനിന്ന് ഒഗ്‌ബെച്ചെ ഗോളിലേക്ക് നിറയൊഴിച്ചതോടെ ഹൈദരാബാദ് സമനില വീണ്ടെടുത്തു.

