ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ മത്സരഫലം പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്ത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാന്‍ ഇത്തവണയും ഇന്ത്യക്കാവില്ലെന്നാണ് ചോപ്ര പറയുന്നത്. മൂന്ന് ടെസ്റ്റ് പരമ്ബര സമനിലയാവാനാണ് കൂടുതല്‍ സാധ്യതയെന്ന് ചോപ്ര പറഞ്ഞു. പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കക്ക് 51 ശതമാനം സാധ്യതയും ഇന്ത്യക്ക് 49 ശതമാനം സാധ്യതയുമാണ് നിലവില്‍ ഞാന്‍ കാണുന്നത്. ഇനി ആരെങ്കിലും പരമ്പര ജയിക്കുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയായിരിക്കുമെന്നും ചോപ്ര പറയുന്നു.
സമീപകാലത്ത് ദക്ഷിണാഫ്രിക്കന്‍ ടീം മികച്ച നിലയിലല്ല ഉള്ളതെന്ന് നമുക്ക് അറിയാം. പക്ഷെ അവര്‍ പതുക്കെ പഴയ കരുത്ത് വീണ്ടെടുക്കുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. ടി20 ലോകകപ്പിലെ അവരുടെ പ്രകടനം കണ്ടാല്‍ അത് ബോധ്യമാവും. എങ്കിലും തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന അവര്‍ക്ക് സ്ഥിരതയുള്ള ടീമാവാന്‍ കുറച്ചുകൂടി സമയമെടുക്കും.
എന്നാല്‍, ഇന്ത്യ പരമ്പര നേടാന്‍ സാധ്യത വളരെ കുറവാണ്. ആന്റിച്ച് നോര്‍ക്യ പരിക്കേറ്റ് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക 2-1ന് പരമ്പര നേടുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമായിരുന്നു. നോര്‍ക്യ ഇല്ലാത്ത സ്ഥിതിക്ക് 1-1 സമനിലയാവാനാണ് സാധ്യത. പരമ്പരയിലെ ഒരു ടെസ്റ്റ് സമനിലയാവാനും സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിനിടെ മഴ വില്ലനാവാനും സാധ്യതയുണ്ട്. അതേസമയം, ഇന്ത്യയുടെ പ്രശ്‌നം തലമുറമാറ്റമല്ല, സഥിരതയില്ലായ്മയാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

