വാസ്‌കോ: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് സമനിലയില്‍ പിടിച്ചത്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി നേരിടാതെ മടങ്ങുന്നത്. സമ നിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാമതാണ്.13 പോയിന്റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്.
മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ്സിയെയും തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയത്. ആല്‍വാരോ വാസ്‌ക്വേസും പെരേര ഡയസും ആക്രമണത്തില്‍ തുടരുന്ന 4-4-2 ശൈലി ഇവാന്‍ വുകോമനോവിച്ച് സ്വീകരിച്ചു. എന്നാല്‍, കളി തുടങ്ങി 14-ാം മിനുറ്റില്‍ ഗോളി ഗില്ലിനെ പരീക്ഷിച്ച് ഗ്രെഗ് സ്റ്റെവാര്‍ട്ട് ബ്ലാസ്റ്റേഴ്സിനെ വേദനപ്പിച്ചു. പക്ഷെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വല ചലിപ്പിച്ച മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് 27-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. സീസണില്‍ സഹലിന്റെ നാലാം ഗോളാണിത്. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.
രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആഞ്ഞു പരിശ്രമിച്ചെങ്കിലും നാല് മിനിറ്റ് അധികസമയത്തും ഗോള്‍ മാറിനിന്നു.

