മൊഹാലി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ 41കാരന്‍ ഹര്‍ഭജന്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു’, ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹര്‍ഭജന്‍ സ്വന്തമാക്കി. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ.ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി അദ്ദേഹം കളിച്ചത്.
ഇന്ത്യ നേടിയ പല ചരിത്ര വിജയങ്ങളിലും ഹര്‍ഭജന്റെ നിര്‍ണായക സംഭാവനകള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹര്‍ഭജന്‍ ക്രിക്കറ്റിന്റെ പുതുമുഖമായ ടി20യിലും തന്റെ ആധിപത്യം തെളിയിച്ചു. ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ അതില്‍ ഹര്‍ഭജനും നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുണ്ടായിരുന്ന കരാറാണ് വിരമിക്കല്‍ തീരുമാനം വൈകിപ്പിച്ചതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

