ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍

ബംബോലിം: ഐഎസ്എല്ലില്‍ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എടികെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയത്. രണ്ടാം പകുതിയിലായിരുന്നു മുഴുവന്‍ ഗോളുകളും. ഡാരന്‍ സിഡോയലിലൂടെ ആദ്യം ലീഡെടുത്തത് ഈസ്റ്റ് ബംഗാളായിരുന്നെങ്കിലും കിയാന്‍ നാസിറിയുടെ ഹാട്രിക്ക് സീസണിലെ രണ്ടാം ജയമെന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ തകര്‍ത്തു.

65-ാം മിനിറ്റില്‍ ലിസ്റ്റണ്ഡ കൊളോക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിന് എടികെക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മുതലാക്കാന്‍ ഡേവിഡ് വില്യംസിന് കഴിയാതിരുന്നത് ഈസ്റ്റ് ബംഗാളിന്റെ തോല്‍വിഭാരം കുറച്ചു. ഹ്യൂഗോ ബോമസ് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും എടികെ മുന്നേറ്റ നിരക്ക് അതൊന്നും ഗോളിലേക്ക് വഴിതിരിക്കാനായില്ല. 56-ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി അന്റോണിയോ പെര്‍സോവിച്ച് എടുത്ത കോര്‍ണറില്‍ നിന്ന് ഡാരന്‍ സിഡോയല്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റില്‍ ദീപക് ടാന്‍ഗ്രിക്ക് പകരം കിയാന്‍ നാസിറിയെ ഇറക്കാനുള്ള എടികെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റില്‍ തന്നെ തന്റെ ആദ്യ ടച്ചില്‍ കിയാന്‍ സമനില ഗോള്‍ കണ്ടെത്തി.

തൊട്ടുപിന്നാലെ കൊളോക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഡേവിഡ് വില്യംസ് നഷ്ടമാക്കിയത് എടികെക്ക് തിരിച്ചടിയായി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കിയാന്റെ രണ്ട് ഗോളുകള്‍ കൂടി പിറന്നതോടെ കൊല്‍ക്കത്ത ഡെര്‍ബി ഒരിക്കല്‍ കൂടി എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കി.