തിലക് മൈതാന്‍: ഐഎസ്എല്ലില്‍ കൊമ്പന്മാര്‍ക്ക് തോല്‍വി. ബംഗളൂരു എഫ്‌സിയോട് ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ പത്താം മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി രുചിക്കുന്നത്.
കൊവിഡ് കാരണം നീണ്ട ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങിയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ടീം പതറി. മുന്നേറ്റക്കാരന്‍ അല്‍വാരോ വാസ്‌കസിന് അവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. എന്നാല്‍, മറുവശത്ത് ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍ മുഖത്ത് ഛേത്രിക്ക് കിട്ടിയ അവസരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കാരന്‍ നിഷു കുമാര്‍ വരയ്ക്ക് മുന്നില്‍ വച്ച് തടയുകയായിരുന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന് മികവ് പുലര്‍ത്താനായില്ല. 56-ാംമിനിറ്റില്‍ റോഷന്‍ നവോറെമിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് വല തകര്‍ക്കുകയായിരുന്നു. 12 കളിയില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതാണ്. 14 കളിയില്‍ 20 പോയിന്റുള്ള ബംഗളൂരു നാലാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

