ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വീണു; ഒന്നാം സ്ഥാനം ഹൈദരാബാദിന്റെ കൈകളില്‍ ഭദ്രം

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഒന്നാംസ്ഥാനം ഭദ്രമാക്കി ഹൈദരാബാദ് എഫ്സി. ബര്‍തൊളോമ്യു ഒഗ്ബെച്ചേ ഇരട്ട ഗോള്‍ നേടി. ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍സിയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.

ആദ്യ പകുതിയിലെ മൂന്നാം മിനിറ്റില്‍ ഒഗ്ബെച്ചേ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയം ആകാശ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 60-ാം മിനിറ്റില്‍ വീണ്ടും ഒഗ്ബെച്ചേ ഗോള്‍ നേടി. 84-ാം മിനിറ്റില്‍ പൂജാരി നാലാമതും വല കുലുക്കി. എട്ടാം മിനിറ്റില്‍ ഗാര്‍സിയയും ഗോള്‍ നേടി.

ജയത്തോടെ ഹൈദരബാദിന് 14 മത്സരങ്ങളില്‍ 26 പോയിന്റായി. 12 മത്സരങ്ങളില്‍ 22 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്.