ചെന്നൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നേ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി ചെന്നൈയിലെത്തി. പതിനഞ്ചാം സീസണിലെ താരലേലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആലോചിക്കാനാണ് ധോണിയുടെ വരവെന്നാണ് സൂചന. താരലേലത്തില്‍ പൊതുവെ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
ഈ വര്‍ഷം ഫെബ്രുവരി 12, 13 തിയ്യതികളിലായി ബംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനായി ആകെ 1214 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പുതുതായി ഐപിഎലിന്റെ ഭാഗമായ രണ്ടു ടീമുകള്‍ ഉള്‍പ്പെടെ 10 ടീമുകളും താല്‍പര്യം കാട്ടുന്ന താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും താലലേലം നടക്കുക. നാലു താരങ്ങളെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നില നിര്‍ത്തിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 16 കോടി രൂപക്കും, ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണിയെ 12 കോടി രൂപക്കും, വിദേശ താരമായി ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയെ 8 കോടിക്കും യുവതാരം ഋതുരാജ് ഗെയ്ക്വാദിനെ ആറു കോടി രൂപയ്ക്കുമാണ് ടീം നിലനിര്‍ത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ കിരീടം നിലനിര്‍ത്തുന്നതിനായി ഏറ്റവും മികച്ച താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് ശ്രമം. അതിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ധോണിയുടെ മുന്‍കൂട്ടിയുള്ള ചെന്നൈ യാത്രയുടെ ഉദ്ദേശ്യമെന്നാണ് സൂചന.

