മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം കൂടിയില്ലെങ്കില്‍ കാണികളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല.
അതേസമയം, ഐ.പി.എല്‍ മെഗാ ലേലം രണ്ടാഴ്ചക്കുള്ളില്‍ രണ്ട് ദിവസമായി ബംഗളൂരുവില്‍ നടക്കും. നിലവിലുള്ള ടീമുകള്‍ക്ക് പുറമെ ലക്‌നൗ, അഹമ്മദാബാദ് ടീമുകളാണ് പുതുതായി എത്തിയിരിക്കുന്നത്. 1214 കളിക്കാര്‍ ഇക്കുറി ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടീമുകള്‍ ലേലത്തിന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത് വന്നതോടെ ലേലത്തിനുണ്ടാവുന്ന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന കാര്യത്തില്‍ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തുന്നതോടെ ഇക്കുറി ഐപിഎല്ലില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പത്തായി. ഇന്ത്യയുടെ ലോകേഷ് രാഹുല്‍ ലക്‌നൗ ടീമിനെയും, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യ അഹമ്മദാബാദിനെയും നയിക്കും.

