പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില(4-4). രണ്ടാം പകുതിയിലെ നാലടിയില്‍ എഫ്സി ഗോവ വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ ബ്ലാസ്റ്റേഴ്‌സ് സമനില സ്വന്തമാക്കി. ഗോവയുടെ കബ്രേര ഹാട്രിക് തികച്ചപ്പോള്‍ ഇരു ടീമും മത്സരത്തില്‍ നാല് ഗോള്‍ വീതം നേടി.
ആദ്യപകുതിയില്‍ തന്നെ ഇരട്ട ഗോളുമായി ഗോവയ്ക്ക് മേല്‍ മേധാവിത്വം സ്ഥാപിച്ചു കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് തവണയും ലക്ഷ്യം കണ്ടത് പെരേര ഡയസായിരുന്നു. രണ്ടാംപകുതിയിലാണ് ഗോവ ഗോള്‍മേളം തുടങ്ങുന്നതും മത്സരം നാടകീയമാകുന്നതും. വലതുവിങ്ങില്‍ നിന്ന് സഹല്‍ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ നിന്ന് 10-ാം മിനുറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി പെരേര ഡയസ്. അന്‍വര്‍ അലിയില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത സഹല്‍, ഡയസിന് പന്ത് മറിച്ചു നല്‍ക്കുകയായിരുന്നു. 25-ാം ചെഞ്ചോയെ ഗോളി ഹൃതിക് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡയസ് അനായാസം വലയിലെത്തിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് 2-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാംപകുതിയില്‍ മൂന്ന് മാറ്റങ്ങളുമായി ഗോവ കളത്തിലേക്ക് തിരിച്ചു വന്നു. 48-ാം മിനിറ്റില്‍ കബ്രേര ഗോവയുടെ ആദ്യ ഗോള്‍ മടക്കി. 63-ാം മിനിറ്റില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് കബ്രേര ഗോള്‍നില 2-2 ആക്കി. തൊട്ടു പിന്നാലെ ഗോവ വീണ്ടും പന്ത് വലയിലിട്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 79-ാം മിനിറ്റില്‍ ഡൊഹ്ലിഗ് ക്ലാസിക് ഫിനിഷിലൂടെ ഗോവയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 82-ാം മിനിറ്റില്‍ കബ്രേര ഹാട്രിക് തികച്ചതോടെ ഗോവ-4, ബ്ലാസ്റ്റേഴ്സ്-2. ചെഞ്ചോയുടെ അസിസ്റ്റില്‍ ബറെറ്റോ 88-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. 90-ാം മിനിറ്റില്‍ വാസ്‌കസ് മഞ്ഞപ്പടയെ 4-4 എന്ന തുല്യതയിലെത്തിച്ചു.

