ഫിഫ ലോകകപ്പ്: ടിക്കറ്റ് ലഭിച്ചവര്‍ മാര്‍ച്ച് 21ന് മുമ്പ് പണമടക്കാന്‍ നിര്‍ദ്ദേശം

ദോഹ: ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചവര്‍ മാര്‍ച്ച് 21 ഖത്തര്‍ സമയം ഉച്ചക്ക് ഒന്നിന് മുമ്പായി പണം അടക്കണമെന്ന് ഫിഫ അറിയിച്ചു. ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിന്റെ റാന്‍ഡം നറുക്കെടുപ്പ് പൂര്‍ത്തിയാവുകയും ചൊവ്വാഴ്ച മുതല്‍ ആരാധകര്‍ക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഫിഫ വെബ്‌സൈറ്റിലെ ടിക്കറ്റിങ് അക്കൗണ്ടില്‍ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണെന്ന് ഫിഫ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ ഫാന്‍സ്, ഖത്തര്‍ റെസിഡന്റ് ഫാന്‍സ് എന്നീ രണ്ട് ലിങ്കുകള്‍ വഴിയാണ് വെബ്‌സൈറ്റില്‍ പ്രവേശിക്കാനാവുക.

നേരത്തെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐ.ഡി വഴി അക്കൗണ്ടില്‍ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാന്‍ സാധിക്കും. ഈ സമയത്ത് ടിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയില്ല. അതേസമയം, 21ന് ശേഷം പണമടക്കാന്‍ അവസരമുണ്ടാവില്ല. പണമടച്ചില്ലെങ്കില്‍ ലഭിച്ച ടിക്കറ്റുകള്‍ റദ്ദാകുമെന്നും ഫിഫഅറിയിച്ചു.