കപില്‍ ദേവിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ജഡേജയുടെ ബാറ്റിംഗ് മാജിക്ക്‌

മൊഹാലി: മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ 35 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ 175 റണ്‍സിന്റെ സെഞ്ചുറി പ്രകടനത്തിലൂടെയാണ് ജഡേജ റെക്കോര്‍ഡ് തകര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം സ്ഥാനത്തിനോ അതിന് താഴെയോ ബാറ്റിംഗിനെത്തുന്ന ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ജഡേജ മറികടന്നത്. 1986ല്‍ കാന്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു കപിലിന്റെയും പ്രകടനം. 163 റണ്‍സായിരുന്നു അന്ന് അദ്ദേഹം നേടിയത്.

തന്റെ കരിയറില്‍ രണ്ടാം സെഞ്ചുറി നേടി 175 റണ്‍സോടെ രവീന്ദ്ര ജഡേജയാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 228 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടങ്ങിയതാണ് ജഡേജയുടെ ഇന്നിംഗ്‌സ്. ജഡേജയോടൊപ്പം 34 പന്തുകളില്‍ 20 റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 129 ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ശേഷം 150ന് മുകളില്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ. 2019ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ റിഷഭ് പന്താണ് ഇതിന് മുമ്പ് ഏഴാം നമ്പറില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്നത്. സിഡ്‌നി ടെസ്റ്റില്‍ അന്ന് 159 റണ്‍സായിരുന്നു പന്ത് ഇന്ത്യക്കു വേണ്ടി അടിച്ചത്. ഇവരെ മൂന്ന് പേരെ കൂടാതെ ഏഴാം നമ്പറില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴചവച്ച് മറ്റൊരു താരം മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ മഹേന്ദ്ര സിംഗ് ധോണിയാണ്. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 144 റണ്‍സാണ് ധോണിയുടെ ഏഴാം നമ്പറിലുള്ള മികച്ച പ്രകടനം.