ഐ ലീഗ്: റയല്‍ കാശ്മീരിനെ വീഴ്ത്തി ഗോകുലം എഫ്‌സി

ഐ ലീഗ് ഫുട്ബോളില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് കാശ്മീരിനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ കേരളാ ടീം ഗോകുലം എഫ്.സി. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇരട്ടഗോളുകളുമായി തിളങ്ങിയ ലൂക്ക മെയ്സെനും ജോദെയ്ന്‍ ഫ്ളെച്ചറുമാണ് ഗോകുലത്തിന്റെ വിജയശില്‍പികള്‍. മലയാളി താരം എം.എസ്. ജിതിന്റെ വകയായിരുന്നു ടീമിന്റെ അഞ്ചാം ഗോള്‍. കാശ്മീരിനു വേണ്ടി തിയാഗോ അദാനും പെനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടി.

നാലാം മിനിറ്റില്‍ കാശ്മീര്‍ താരം പ്രകാശ് സര്‍ക്കാര്‍ നടത്തിയ ഗുരുതര ഫൗളിന് അനുവദിച്ച പെനാല്‍റ്റിയില്‍ നിന്ന് ലൂക്കയാണ് ഗോള്‍ നേടിയത്. പരുക്കന്‍ കളിക്ക് പ്രകാശ് ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു. തുടക്കത്തില്‍ തന്നെ 10 പേരായി ചുരുങ്ങിയ കാശ്മീരിന്റെ വിവശത മുതലെടുക്കുകയായിരുന്നു പിന്നീട് ഗോകുലം. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറി ലൂക്ക ഗോളിനു വഴിയൊരുക്കിയപ്പോള്‍ ഫ്ളെച്ചറായിരുന്നു സ്‌കോറര്‍.

27-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോളും നേടി. മലയാളി താരം അബ്ദുള്‍ ഹക്കു ബോക്സിന്റെ മധ്യഭാഗത്തേക്കു നല്‍കിയ പാസ് സ്വീകരിച്ച് ഫ്ളെച്ചര്‍ ടീമിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കും മുമ്പേ തന്നെ ഗോകുലം ലീഡ് വീണ്ടും ഉയര്‍ത്തുകയും ചെയ്തു. 38-ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍ പിറന്നത്. ഇക്കുറി ലൂക്കയായിരുന്നു സ്‌കോര്‍ ചെയ്തത്. നാലുഗോളുകളുടെ ലീഡില്‍ ഇടവേള കഴിഞ്ഞെത്തിയ ഗോകുലത്തെ ഞെട്ടിച്ചു തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ മടക്കാന്‍ കാശ്മീരിനായി. ഗോകുലം പ്രതിരോധ താരത്തിന്റെ പരുക്കനടവിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് അദാന്‍ കാശ്മീരിനായി അക്കൗണ്ട് തുറന്നത്.
66-ാം മിനിറ്റില്‍ മലയാളി താരങ്ങളുടെ കൂട്ടായ്മയിലൂടെ ഗോകുലം പട്ടിക തികയ്ക്കുകയും ചെയ്തു. എമില്‍ ബെന്നിയുടെ പാസില്‍ നിന്ന് ജിതിനാണ് സ്‌കോര്‍ ചെയ്തത്.