Sports (Page 12)

ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഒരുമിച്ച് മെഡൽ നേടി ദമ്പതികൾ. മനീഷ് കൗരവ്, പ്രാചി യാദവ് ദമ്പതികൾ ആണ് ഈ ചരിത്ര നേട്ടത്തിന് ഉടമകളായത്. ചൊവ്വാഴ്ചത്തെ ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേടുമെന്ന് മനീഷ് കൗരവിന് ഉറപ്പില്ലായിരുന്നു, എന്നാൽ “ഞങ്ങൾ വെറുംകൈയോടെ പോകില്ല” എന്ന് ഭാര്യയും ഇന്ത്യൻ പാരാ കനോയ് ടീമംഗവുമായ പ്രാചി യാദവ് തൻ്റെ ഭർത്താവിന് ആത്മവിശ്വാസമേകി.

ഏഷ്യൻ പാരാ ഗെയിംസിൽ ഒരുമിച്ച് മെഡൽ നേടിയ ഭാര്യ-ഭർത്താക്കന്മാർ എന്ന അപൂർവ നേട്ടം ആണ് ഈ ദമ്പതികൾ കരസ്ഥമാക്കിയത്. ചൊവ്വാഴ്ച നടന്ന കനോയ് കെഎൽ2 ഇനത്തിലും തിങ്കളാഴ്ച നടന്ന വിഎൽ2 വിഭാഗത്തിലും പ്രാചി സ്വർണം, വെള്ളി എന്നീ മെഡലുകൾ സ്വന്തമാക്കി. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ കെഎൽ3 കനോയിൽ മനീഷ് വെങ്കലം നേടിയിരുന്നു.”ഭോപ്പാലിലെ എംപി വാട്ടർ സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലനത്തിനിടെ ഞങ്ങൾ പരസ്പരം കണ്ടുമുട്ടുകയും മൂന്ന് വർഷം മുമ്പ് വിവാഹിതരാവുകയും ചെയ്തു.

ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു അത്,”. “ഞങ്ങളുടെ കായിക ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചിരിക്കുന്നതിനാൽ ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു. ഞങ്ങൾ പരസ്പരം പ്രചോദിപ്പിക്കുന്നു,” അവർ കൂട്ടിച്ചേർത്തു. ടോക്കിയോ പാരാലിമ്പ്യൻ ആയ പ്രാചി, ആത്മവിശ്വാസത്തോടെയാണ് ചൊവ്വാഴ്ച മത്സരത്തിനിറങ്ങിയത്, എന്നാൽ മെഡൽ ലഭിക്കുമോ എന്ന കാര്യത്തിൽ മനീഷ് അൽപ്പം അനിശ്ചിതത്വത്തിലായിരുന്നു.

അരയ്ക്ക് താഴെ തളർന്ന 28 കാരിയായ പ്രാചി, 2007 ലാണ് കനോയിങ്ങിലേക്ക് തിരിഞ്ഞത്. കൈകളുടെയും അരയ്ക്കു താഴെക്കും കാലുകൾക്ക് ഭാഗിക പ്രവർത്തനവുമുള്ള കായികതാരങ്ങൾക്കിടയിൽ മത്സരിക്കുന്ന കെഎൽ3 ഇനത്തിൽ 27 കാരനായ മനീഷ് 44.605 സെക്കൻഡിൽ വെങ്കലം നേടി. ജന്മാനാ അദ്ദേഹത്തിന് ലോക്കോമോട്ടീവ് ഡിസോർഡർ ഉണ്ട്.

ഇരുവര്മ്മ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുമാണ്. പരിമിതികളെ തരണം ചെയ്ത് ഇരുവരും മെഡൽ നേട്ടത്തിലേക്ക് എത്തിയത് മികച്ച മാർഗദർശനം ഒന്നുകൊണ്ടാണ്. എന്നാൽ മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ നേട്ടത്തിന് വിദേശ പരിശീലനം ആവശ്യമാണ് ഇവർക്ക്.

വനിതാ പ്രീമിയർ ലീഗ് 2024 ലേക്കുള്ള ടീമിൽ മാറ്റങ്ങൾ വരുത്തി ക്രിക്കറ്റ് ടീമുകൾ. 2023 സീസണിൽ മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിത്തീർന്നു, 2024-ലേക്കുള്ള ബ്യൂഗിൾ മുഴങ്ങാനുള്ള സമയമാണിത്. എന്നാൽ തുടക്കം കുറച്ചത് സമ്മിശ്ര വാർത്തകളോടെയാണ് – നിലനിർത്തലുകളുടെയും ഒഴിവാക്കപ്പെട്ടവരുടെയും പട്ടിക പുറത്തു വിട്ടു.മുംബൈ ഇന്ത്യൻസ് ,ഡൽഹി ക്യാപിറ്റൽ,റോയൽ ചലഞ്ചേഴ്സ് എന്നിവർ പ്രധാന കളിക്കാരെ നിലനിർത്തി. നിലവിലെ ടീമുകളിൽ നിന്ന് 29 പേരെയാണ് ഒഴിവാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ ഹർമൻപ്രീത് കൗർ, ഡൽഹി ക്യാപിറ്റലിന്റെ മെഗ് ലാനിംഗ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്മൃതി മന്ദാന എന്നിവരുൾപ്പെടെ എല്ലാ താരങ്ങളെയും അതത് വനിതാ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ (ഡബ്ല്യുപിഎൽ) നിലനിർത്തി.

വനിതാ പ്രീമിയർ ലീഗ് 2024 സീസണിൽ കളിക്കാരെ നിലനിർത്തുന്നതിനുള്ള അഞ്ച് ഫ്രാഞ്ചൈസികൾക്കുള്ള വിൻഡോ ഒക്ടോബർ 15 ന് അവസാനിച്ചിരുന്നു. 21 വിദേശ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 60 കളിക്കാരെ അഞ്ച് ഫ്രാഞ്ചൈസികളിലായി നിലനിർത്തിയപ്പോൾ 29 കളിക്കാരെ നിലവിലെ ടീമിൽ നിന്ന് ഒഴിവാക്കി. ഹീതർ ഗ്രഹാം, സോനം യാദവ്, ധാരാ ഗുജ്ജാർ, നീലം ബിഷ്ത് എന്നിവരും അന്നബെൽ സതർലാൻഡ്, മേഗൻ ഷട്ട് എന്നീ വിദേശ കളിക്കാർ ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടും.

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയുന്നതിനിടെ കണങ്കാൽ ട്വിസ്റ്റ് ആയി പരിക്ക് പറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഗ്രൗണ്ടിന് പുറത്തേക്ക് പോയി. ഒമ്പതാം ഓവറിലെ മൂന്നാം പന്തിൽ ബംഗ്ലദേശ് ഓപ്പണർ ലിറ്റൺ ദാസിന്റെ സ്ട്രെയിറ്റ് ഡ്രൈവ് വലതുകാലുകൊണ്ട് ഫോളോ ത്രൂവിൽ നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്.

പന്ത് കാലിനടിയിലൂടെ കടന്നുപോയപ്പോൾ പാണ്ഡ്യ കണങ്കാൽ വളച്ചൊടിച്ചു, അതോടെ നിലത്തുവീണു പോയ അദ്ദേഹം കളം വിടുകയായിരുന്നു. അതോടെ പാണ്ഡ്യ ബംഗ്ലാദേശ് ഇന്നിംഗ്‌സിൽ ഫീൽഡ് എടുക്കാൻ ഉണ്ടാകില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ സ്ഥിരീകരിച്ചു. ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ആയിപോയി പാണ്ഡ്യയുടെ പരുക്ക്. 25 വർഷങ്ങൾക് ശേഷമാണ് ഇന്ത്യയും ബംഗ്ലദേശും ഇന്ത്യൻ മണ്ണിൽ വെച്ചു കളിക്കുന്നത്.

1998ലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിച്ചത്. അന്ന് മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ ഐസിസി, എസിസി ഇവൻ്റുകളിൽ ഏറ്റവുമധികം തലവേദന നൽകുന്ന ബംഗ്ലാദേശിനെതിരെ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. ടോസിലൂടെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മത്സരം ഇന്ത്യയെ കടുത്ത സമർദ്ദത്തിലാക്കും.

ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെ കാണികളുടെ മോശം പെരുമാറ്റം ആരോപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ(പിസിബി) പരാതിയിൽ ഐസിസി ഒരു നടപടിയും എടുക്കാൻ സാധ്യതയില്ല. വിവേചന വിരുദ്ധ കോഡിന്റെ പരിധി വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ആൾക്കൂട്ടം ഈ കോഡിന്റെ പരിധിയിൽ വരുന്നില്ല. കളിയിൽ പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു.

ഇന്ത്യയിൽ വെച്ചാണ് കളി എന്നതിനാൽ പാക് ആരാധകർ കുറവായിരുന്നു സ്റ്റേഡിയത്തിൽ. എന്നാൽ കളി നടക്കുമ്പോളും ശേഷവും പലവിധത്തിൽ ആൾകൂട്ടം അപമര്യാദയായി പെരുമാറി എന്നാണ് പിസിബിയുടെ പക്ഷം. കൂടാതെ പാക് താരങ്ങളെയും കളിയാക്കി എന്ന് പരാതിയിൽ പറയുന്നു. കളി കാണാൻ ഒരു ലക്ഷത്തിലധികം ആരാധകർ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു, മൂന്ന് പാകിസ്ഥാൻ-അമേരിക്കൻ ആരാധകർ മാത്രമാണ് അയൽരാജ്യത്തിൽ നിന്നുള്ള കളിക്കാരെ പിന്തുണയ്ക്കാൻ രംഗത്തുണ്ടായിരുന്നത്.

വിക്കറ്റ് കീപ്പർ ബാട്സ്മാൻ ആയ മുഹമ്മദ് റിസ്വാൻ പുറത്തായതിനെത്തുടർന്ന് പവലിയനിലേക്ക് മടങ്ങുമ്പോൾ ഒരു വിഭാഗം ആരാധകർ മതപരമായ മന്ത്രോച്ചാരണങ്ങളാൽ പരിഹസിച്ചിരുന്നു, ഇതാണ് ഗെയിം ഗവേണിംഗ് ബോഡിക്ക് പരാതി നൽകാൻ പിസിബിയെ പ്രേരിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വീഴ്‌ചയ്‌ക്കിടെ തന്റെ ടീമിലെ കളിക്കാർ കാണികളുടെ ആക്രോശത്തിൽ അല്പ നേരം കളിമറന്നു നിന്നുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ മിക്കി ആർതർ നേരത്തെ സമ്മതിച്ചിരുന്നു.

ലോകകപ്പിൽ “വലിയ ടീമുകൾ” എന്നൊന്ന് ഇല്ലെന്നും കൂടുതൽ വിജയകരമായ ടീമുകളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണം മെഗാ ഇവന്റിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബാറ്റിംഗ് താരം വിരാട് കോഹ്‌ലി പറഞ്ഞു. ലോകകപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രധാന അട്ടിമറികളെ തുടർന്നാണ് കോഹ്‌ലിയുടെ പ്രസ്താവന.

ഞായറാഴ്ച ന്യൂ ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 69 റൺസിന് അഫ്ഗാനിസ്ഥാൻ തകർത്തപ്പോൾ, ചൊവ്വാഴ്ച ധർമ്മശാലയിൽ നടന്ന മഴയെ തുടർന്ന് ദക്ഷിണാഫ്രിക്കയെ 38 റൺസിന് തോൽപ്പിച്ച് നെതർലൻഡ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കുറിച്ചു. “ലോകകപ്പിൽ വലിയ ടീമുകളൊന്നുമില്ല. നിങ്ങൾ വലിയ ടീമുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോഴെല്ലാം ഒരു അസ്വസ്ഥത സംഭവിക്കുന്നു,” ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി കോഹ്‌ലി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞതാണിത്.

ലോകകപ്പിൽ ഇതാദ്യമായാണ് നെതർലൻഡ്‌സ് റാങ്കിൽ ഏറെ മുകളിലുള്ള ഒരു ടീമിനെതിരെ വിജയം നേടുന്നത്.നെതർലൻഡ്‌സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താൻ കിണഞ്ഞു പരിശ്രമിച്ച ദക്ഷിണാഫ്രിക്ക എന്നാൽ 42.5 ഓവറിൽ 207 റൺസിന് ഓൾ ഔട്ടായി. മഴമൂലമാണ് 43 ഓവറായി വെട്ടിച്ചുരുക്കിയത്. ലോകകപ്പിലെ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ട്, ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ ഇന്ത്യ തങ്ങളുടെ വിജയ കൂട്ടിൽ വിട്ടുവീഴ്ച നടത്തില്ലെന്ന് ബുധനാഴ്ച ബൗളിംഗ് കോച്ച് പരസ് മാംബ്രെ പറഞ്ഞു, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി എന്നിവർ ടീമിൽ തുടരും.

ഇന്ത്യ ഉജ്ജ്വലമായ തുടക്കത്തോടെയാണ് ടൂർണമെന്റ്-ഓപ്പണിങ്ങിൽ അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയെ തറപറ്റിച്ചത്, തുടർന്ന് അഫ്ഗാനിസ്ഥാനെതിരെയും ചിരവൈരികളായ പാകിസ്ഥാനെതിരെയും ആധിപത്യം പുലർത്തി. ഷമി, സൂര്യകുമാർ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ നിലവാരത്തിലുള്ള കളിക്കാരെ തന്നെ ഇറക്കാൻ ടീം തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പുകൾ എല്ലാം ടീമിന്റെ മികച്ച താൽപ്പര്യം മനസ്സിൽ കണ്ടുകൊണ്ടാണെന്നും മാംബ്രെ പറഞ്ഞു.

അർജന്റീനയുടെ സ്വന്തം മാലാഖ, ഏയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നു. 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ സ്ഥിരീകരിച്ചു. അർജന്റീനയെ 2022 ലോകകപ്പിലേക്കു നയിച്ചതിൽ പങ്കു വഹിച്ച അദ്ദേഹം അടുത്ത വർഷം കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും മാറിനിൽക്കും. കോപ്പ അമേരിക്കയാണ് ദേശീയ ടീമിനൊപ്പമുള്ള തന്റെ അവസാന ലക്ഷ്യം എന്നാണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യകതമാക്കിയത്.

ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. “ലിയോയ്‌ക്കൊപ്പം, ഞാൻ എല്ലാം പൂർത്തിയാക്കി. അദ്ദേഹത്തോടൊപ്പം ഒരു ക്ലബ്ബിൽ കളിക്കുക എന്നത് മാത്രമാണ് എനിക്ക് നഷ്ടമുണ്ടായിരുന്നത്, പിഎസ്ജിയിൽ നിന്നും എന്നോട് വിടപറഞ്ഞ ദിവസം, ഞാൻ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു: ‘ഒരേ ക്ലബ്ബിൽ ഒപ്പം കളിക്കാൻ കഴിഞ്ഞതിൽ എല്ലാ ദിവസവും കാണാനായതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട് ‘. “ഒരു വർഷം മുഴുവൻ ഒരേ ക്ലബ്ബിൽ നിന്ന്കൊണ്ട്, ഒരു വർഷം മുഴുവനും അദ്ദേഹത്തിനെ കാണാൻ സാധിച്ചത്, പരിശീലനം കാണാൻ സാധിച്ചത്, മെസ്സി ചെയ്യുന്ന കാര്യങ്ങൾ കാണൽ, അതാണ് എനിക്ക് ഏറ്റവും മികച്ചത്, എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു.”

ലോകകപ്പ് 2014 ൽ നഷ്ട്ടമായതും എന്നാൽ 2022 ൽ അതെങ്ങനെ തന്നെ തേടിയെത്തിയെന്നും അദ്ദേഹം പങ്കുവെച്ചു. “ഞാൻ പകരക്കാരനായി പുറത്തായപ്പോൾ, ബെഞ്ചിലിരുന്ന് കരയുകയായിരുന്നു, ഞാൻ ക്ഷീണിതനല്ലായിരുന്നു,എനിക്ക് അപ്പോഴും കളിയ്ക്കാൻ സാധിക്കുമായിരുന്നു. കളി നഷ്ടമായെന്ന് എല്ലാവര്ക്കും തോന്നുമ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു ഈ ഫൈനൽ ഞങ്ങൾക്കു തന്നെ കിട്ടുമെന്ന്” എന്നും കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റ് നിരയെ തോൽപ്പിക്കുക അധികഠിനമെന്ന് തുറന്നു പറഞ്ഞ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. നിലവിലെ രോഹിത് ശർമയാണ് ശക്തമായ ഇന്ത്യൻ ടീമിനെ നയിക്കാൻ പ്രാപ്തനായ ക്യാപ്റ്റൻ എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലെയും ടീമിന്റെ കഴിവിനെ പറ്റിയും പറഞ്ഞു റിക്കി. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ വളരെ പ്രയാസമാണ്. ഫാസ്റ്റ് ബൗളിംഗ്, സ്പിൻ, ടോപ് ഓർഡർ, മധ്യനിര ബാറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും അവർക്ക് ശക്തമായ അടിത്തറയുണ്ട്. ഇന്ത്യൻ ടീം എത്ര സമ്മർദ്ദങ്ങളിൽ ആണെങ്കിലും ടീം എപ്പോഴും കുലുക്കമില്ലാതെയും സ്ഥിരതയോടെയുമാണെന്നും സ്വന്തം മണ്ണിലെ കളിയിൽ ഉള്ള ഇന്ത്യയുടെ ആത്മവിശ്വാസത്തെയും റിക്കി പോണ്ടിങ് എടുത്തു പറഞ്ഞു. മെൻ ഇൻ ബ്ലൂ എന്നാണ് ഇന്ത്യയെ പോണ്ടിങ് വിശേഷിപ്പിച്ചത്. രോഹിത്തിന്റെ ക്യാപ്ടൻസിയെ കുറിച്ച് പോണ്ടിങ്ങിന് മികച്ചതെന്നല്ലാതെ മറ്റൊന്നും പറയാനില്ല.ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കോച്ച് കൂടെയാണ് നിലവിൽ അദ്ദേഹം.

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് പകരം സ്കൂൾ ഒളിമ്പിക്സ്. പുതിയ തീരുമാനം പങ്കുവെച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്. പുതിയ പേര് മാറ്റം അംഗീകരിച്ചാൽ അടുത്ത വർഷം മുതലാകും നിലവിൽ വരിക. പേര് മാറ്റത്തിന് ഒപ്പം ഗെയിംസും മേളയ്‌ക്കൊപ്പം ഉൾപ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ട്. കായികതാരങ്ങൾക് ജോലി നൽകുന്ന കാര്യത്തിൽ കേരളമാണ് മുൻപന്തിയിലെന്നും കഴിഞ്ഞ 7 വർഷത്തിനിടെ 676 പേർക്കാണ് ജോലി നൽകിയതെന്നും മന്ത്രി പറഞ്ഞു. ജോലി വെറും വാഗ്ദാനം അല്ലാതെ വേണ്ടത്ര പരിഗണ നൽകുന്നില്ലെന്ന് പരാതി ഉയരുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികൾക്കു വേണ്ട സമയം നല്കുന്നില്ലെന്ന പരാതിയിൽ കഴമ്പില്ലെന്നും മന്ത്രി പ്രതികരിച്ചു. അടുത്ത വർഷത്തേക്കായി ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാകാൻ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഐതിഹാസിക ലോകകപ്പ് മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ ബാറ്റ്‌സ്മാൻ റഹ്മാനുള്ള ഗുർബാസിന് ഔദ്യോഗിക ശാസന. കളിക്കാർക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.2 ഗുർബാസ് ലംഘിച്ചതായി കണ്ടെത്തി, ഇത് “ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങൾ അല്ലെങ്കിൽ വസ്ത്രങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ അല്ലെങ്കിൽ ഫിക്‌ചറുകൾ, ഫിറ്റിംഗുകൾ എന്നിവ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.” ഇതുകൂടാതെ, ഗുർബാസിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർത്തിട്ടുണ്ട്, 24 മാസത്തിനിടെ ഇത് ആദ്യത്തെ കുറ്റമാണ്. അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സിന്റെ 19-ാം ഓവറിലാണ് സംഭവം നടന്നത്, പുറത്തായതിന് ശേഷം, ഗുർബാസ് തന്റെ ബാറ്റിൽ ബൗണ്ടറി കയറിലും ഒരു കസേരയിലും ആഞ്ഞടിച്ചിരുന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്.

മുംബൈ (മഹാരാഷ്ട്ര) : 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിന്റെ ഭാഗമാകുമെന്നും 128 വർഷത്തിന് ശേഷം മൾട്ടി സ്‌പോർട്‌സ് മാമാങ്കത്തിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. 2028 ലെ ഇവന്റിൽ ബേസ്ബോൾ/സോഫ്റ്റ്ബോൾ,ക്രിക്കറ്റ് (ടി 20 ), ലക്രോസ്സേ (സിക്സസ്) , സ്ക്വാഷ്, ഫ്ലാഗ് ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളാണ് ഉൾപ്പെടുക.

2028 ലെ ഒളിമ്പിക് ഗെയിംസിന്റെ ലോസ് ഏഞ്ചൽസിലെ  ഓർഗനൈസിംഗ് കമ്മിറ്റിയിൽ നിന്ന് ഈ ഗെയിമുകൾ പ്രോഗ്രാമിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന 141-ാമത് ഐഒസി സെഷനിൽ അംഗീകരിച്ചു.
ക്രിക്കറ്റ് ഒരു പ്രാവശ്യം മാത്രം അതിന്റെ അരങ്ങേറ്റം1900-ലെ പാരീസ് ഒളിമ്പിക്‌സിൽ വെച്ച് നടത്തിയിരുന്നു,

മത്സരത്തിൽ ബ്രിട്ടൻ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിൽ കളിച്ചു. എന്നാൽ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും നിലവിൽ കളിക്കുന്നുണ്ട്. നിർദ്ദേശം വോട്ടിങ്ങിനു വെച്ചപ്പോൾ രണ്ട് ഐഒസി അംഗങ്ങൾ നിർദ്ദേശത്തെ എതിർക്കുകയും ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പുതിയ നിർദ്ദേശത്തെ പ്രോത്സാഹിപ്പിച്ച് നിത അംബാനിയെ പോലുള്ളവർ  രംഗത്ത് വരുന്നുണ്ട്.