Sports (Page 13)

 നടുവിന് പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യൻ ഷട്ടിൽ താരം എച്ച്എസ് പ്രണോയ് ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ നിന്ന് പിന്മാറി.അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിലും പരിക്ക് പ്രശ്നമായെങ്കിലും മത്സരത്തിൽ പങ്കെടുത്ത്‌ ഗെയിംസിലെ കന്നി വെങ്കല മെഡൽ നേടിയിരുന്നു. പുരുഷ സിംഗിൾസിൽ 41 വർഷത്തിനിടെയുള്ള ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിക്കാൻ 31 കാരനായ ഇന്ത്യൻ താരം കഠിനമായ നടുവേദനയോട് പോരാടിയിരുന്നു, 

എന്നാൽ ഇപ്പോൾ പരിക്ക് കാരണം അദ്ദേഹത്തിന് രണ്ടോ മൂന്നോ ആഴ്ച ഗ്രൗണ്ടിന് പുറത്ത് ഇരിക്കേണ്ടിവരും. ഈ മാസം ഒരു ടൂർണമെന്റും കളിക്കുന്നില്ലെന്നും എംആർഐ റിപ്പോർട്ടിലും പ്രശ്നം കാണിക്കുന്നുണ്ട്, അതിനാൽ താൻ 2-3 ആഴ്ച കളികളത്തിന് പുറത്തിരിക്കേണ്ടിവരും, അതിനാൽ ഡെന്മാർക്കിലും ഫ്രാൻസിലും കളിക്കാൻ കഴിയില്ല എന്ന് പ്രണോയ് മാധ്യമങ്ങളോട്  വ്യക്തമാക്കി.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്  2023 ലെ മത്സരങ്ങൾ  ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്നപ്പോൾ, അടുത്ത ചാമ്പ്യൻഷിപ്പ് മത്സരം 2025-ൽ ജപ്പാനിൽ നടക്കുമെന്നും 2027-ൽ ചാമ്പ്യൻഷിപ്പ്  ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔപചാരിക ബിഡ് നടത്തുന്നതിനായി ഇന്ത്യ മത്സരരംഗത്തുണ്ടെന്നുമാണ് റിപ്പോർട്ട്. 2027-ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔപചാരിക ബിഡ് തീരുമാനിക്കാൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌ഐ)ക്ക് “രണ്ടു ദിവസം കൂടി” വേണ്ടിവരുമെന്ന് പ്രസിഡന്റ് അഡില്ലെ സുമാരിവാല ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.  2036 ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരു ഔപചാരിക ബിഡ് നടത്താൻ പദ്ധതിയിടുന്നുണ്ട്, ഗെയിംസ് ഇന്ത്യയിലേക്ക് വരുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഐഒസി അംഗം സെബാസ്റ്റ്യൻ കോ അഭിപ്രായം പങ്കുവെച്ചു. 

ഫിഡെ വേൾഡ് ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ൽ ഇന്ത്യയുടെ റോണക് സാധ്വാനിയ്ക്ക് ശ്രദ്ധേയമായ വിജയം. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോണക് സാധ്വാനിയെ അഭിനന്ദിക്കുകയും ചെയ്തു. “ഫിഡെ വേൾഡ് ജൂനിയർ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ലെ ശ്രദ്ധേയമായ വിജയത്തിന്  റൗണക് സാധ്വാനിക്ക് അഭിനന്ദനങ്ങൾ!  റോണക്കിന്റെ തന്ത്രപരമായ വൈദഗ്ധ്യവും നൈപുണ്യവും ലോകത്തെ വിസ്മയിപ്പിക്കുകയും രാജ്യത്തിന് അഭിമാനകരമാകുകയും ചെയ്തു. തന്റെ അസാധാരണമായ നേട്ടങ്ങളിലൂടെ നമ്മുടെ രാജ്യത്തെ യുവജനങ്ങളെ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ.” എന്ന് സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി  പോസ്റ്റ് ചെയ്തു

https://x.com/narendramodi/status/1713100320224813170?s=20

മികച്ച പുരുഷ ലോക അത്ലറ്റിക് ചാമ്പ്യന്മാർക്കുള്ള പുരസ്‌കാരത്തിനായി തയ്യാറാക്കിയ 11 നാമ നിർദേശക പട്ടികയിൽ പുരുഷ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും. സ്പ്രിന്റർ നോഹ ലൈൽസ്, സ്റ്റീപ്പിൾ ചേസർ സൂഫിയാൻ എൽ ബക്കാലി, റേസ് വാക്കർ അൽവാരോ മാർട്ടിൻ എന്നിവരും മത്സരരംഗത്തുണ്ട്. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെയാണ് നാമനിർദ്ദേശ പട്ടിക വന്നത്. ലോക അത്ലറ്റിക് ബോഡി ആണ് നാമനിർദ്ദേശക പട്ടിക പുറത്തിറക്കുക.

ഈ വർഷം ആദ്യം ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചോപ്ര ചരിത്രം സൃഷ്ടിച്ചിരുന്നു. തുടർന്ന് 25-കാരനായ നീരജ് 2023 ലെ ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി, ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ തന്റെ കിരീടം നിലനിർത്തുകയും ചെയ്തതോടെ മികച്ച അത്ലറ്റ് എന്ന നിലയിലേക്ക് നീരജ് ഉയർന്നു. ഇന്ത്യയ്‌ക്കായി നിരവധി ചരിത്ര നേട്ടങ്ങൾ നേടിയതിന് പേരുകേട്ടെങ്കിലും, ഷോർട്ട്‌ലിസ്റ്റ് ചെയ്ത മറ്റ് 10 അത്‌ലറ്റുകളിൽ നിന്നും 2023 ലെ മികച്ച പുരുഷ ലോക അത്ലറ്റിക് ചാമ്പ്യൻ അവാർഡിനായി നീരജ് ചോപ്ര കടുത്ത മത്സരം ആണ് നേരിടുക.

അമേരിക്കയുടെ സ്പ്രിന്റർ നോഹ ലൈൽസ് 100 മീറ്ററിലും 200 മീറ്ററിലും ലോക ചാമ്പ്യനും. 2023 ബുഡാപെസ്റ്റിൽ നടന്ന പുരുഷന്മാരുടെ 4×100 മീറ്റർ റിലേയിൽ യു.എസ്.എ.ക്ക് വേണ്ടി സ്വർണമെഡലും നേടിയതാണ്. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വൈദഗ്ധ്യമുള്ള മൊറോക്കോയുടെ സൂഫിയാൻ എൽ ബക്കാലി ആറ് ഫൈനലുകളിൽ തോൽവിയറിഞ്ഞിട്ടില്ല. ഈ വർഷവും ഒളിമ്പിക് ചാമ്പ്യൻ കൂടിയായ അദ്ദേഹം തന്റെ ലോക കിരീടം നിലനിർത്തി. 2023 ലെ പുരുഷ ലോക അത്‌ലറ്റ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത അത്‌ലറ്റുകളെ ലോക അത്‌ലറ്റിക്‌സിന്റെ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര അത്‌ലറ്റിക് വിദഗ്ധരുടെ പാനലാണ് തിരഞ്ഞെടുത്തത്. പുരുഷന്മാരുടെ പോൾവോൾട്ടിൽ നിലവിലെ ലോക ചാമ്പ്യനായ സ്വീഡന്റെ മോണ്ടോ ഡുപ്ലാന്റിസ്, 20 കിലോമീറ്റർ, 35 കിലോമീറ്റർ ഇനങ്ങളിൽ ലോക ചാമ്പ്യനായ സ്പാനിഷ് റേസ് വാക്കർ അൽവാരോ മാർട്ടിൻ എന്നിവരും 2023 ലെ ലോക അത്‌ലറ്റിനുള്ള ചുരുക്കപ്പട്ടികയിലുണ്ട്. നവംബർ 13-നോ 14-നോ വേൾഡ് അത്‌ലറ്റിക്‌സ് പ്രഖ്യാപിക്കുന്ന അവസാന അഞ്ച് ഫൈനലിസ്‌റ്റുകളെ ത്രീ-വേ വോട്ടിംഗ് പ്രക്രിയ നിർണ്ണയിക്കും. വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിലും ലോക അത്‌ലറ്റിക്‌സ് ഫാമിലിയും ഇമെയിൽ വഴി വോട്ട് ചെയ്യും. അതേസമയം, വേൾഡ് അത്‌ലറ്റിക്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ആരാധകർക്ക് ഓൺലൈനായി വോട്ടുചെയ്യാനാകും.

ഈ വർഷത്തെ ലോക അത്‌ലറ്റുകൾക്കായുള്ള വോട്ടെടുപ്പ് ഒക്ടോബർ 28ന് അവസാനിക്കും. വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിലിന്റെ വോട്ടുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ 50% കണക്കാക്കും, അതേസമയം ലോക അത്‌ലറ്റിക്‌സ് ഫാമിലിയുടെ വോട്ടുകളും പൊതു വോട്ടുകളും അന്തിമ ഫലത്തിന്റെ 25% ആയി കണക്കാക്കും. ഡിസംബർ 11 ന് ലോക അത്‌ലറ്റിക്‌സിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിജയികളെ വെളിപ്പെടുത്തും.

ഏകദിന ക്രിക്കറ്റ് ലോക കപ്പിന്റെ ഒൻപതാമത്തെ മത്സരത്തിൽ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ വെച്ചുള്ള ഇന്നത്തെ മത്സരത്തിൽ ആദ്യ ടോസ് നേടി ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് അഫ്ഗാനിസ്താൻ നേടുന്നതിന് മുൻപ് ക്രിക്കറ്റ് ലോകം ഒന്നാകെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ കഴിവിനെ പുകഴ്ത്തി.

മുപ്പത്തി നാല് വയസ്സുള്ള ഇന്ത്യയുടെ സ്കിപ്പെർ വിരാട് കൊഹ്‌ലിയെ അഭിനന്ദിച്ചു കൊണ്ട് ഐസിസിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ആണ് അഭിനന്ദന വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയിൽ ക്രിക്കറ്റ് താരങ്ങളായ വിക്രംജിത് സിംഗ്,ട്രെന്റ് ബോൾട്ട് ,സ്റ്റീവൻ സ്മിത്ത്,ശുബ്മാന് ഗിൽ , രവിചന്ദ്രൻ അശ്വിൻ, കൂടാതെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരാണ് സന്ദേശം പങ്കു വെച്ചത്.
എല്ലാവരും വിരാട് കൊഹ്‌ലിയെ സ്നേഹിക്കുന്നു എന്നാണു ഡച്ച് താരം വിക്രംജിത് സിംഗ് പങ്കുവെച്ചത്.


വിരാടിന്റെ ബൗളിങ്ങിലുള്ള പ്രാഗൽഭ്യത്തെയും, ഏകദിന മാച്ചുകളിലെ മികച്ച താരമായും,ഐതിഹാസികമാണ് വിരാടിന്റെ ഏകദിന പ്രകടനമെന്നും മറ്റുള്ളവരും എടുത്തു പറഞ്ഞു. തന്റെ ജനറേഷനിൽ ഉള്ളവർക്ക് വിരാട് ഒരു ബെഞ്ച്മാർക് തന്നെയാണെന്നാണ് കോച്ച് രാഹുൽ ദ്രാവിഡ് അഭിനന്ദന സന്ദേശത്തിൽ പങ്കു വെച്ചത്.

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്ബളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം.

‘അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ ഞാൻ എന്റെ എല്ലാ വേൾഡ് കപ്പ് 2023ലെ മാച്ച് ഫീസും സംഭാവന ചെയ്യുന്നു. താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ വിളിക്കാൻ ഞങ്ങൾ ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിക്കും’- റഷീദ് ഖാൻ കുറിച്ചു.

77 – മത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ നിജോ ഗിൽബെർട്ട് നയിക്കും. ഗോവയിൽ വച്ചാണ് മത്സരം നടക്കുന്നത്. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. ഗുജറാത്തുമായാണ് കേരളത്തിൻ്റെ ആദ്യമത്സരം. നിലവിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. 10 പുതുമുഖ താരങ്ങൾക്കൊപ്പം 12 പരിചയ സമ്പന്നരും ഉൾപ്പെടുന്നതാണ് ടീം. ഈ മാസം 8 ന് ടീം കോഴിക്കോട് നിന്ന് ഗോവയിലേക്ക് യാത്ര തിരിക്കും.

2018ൽ കേരളം ചാമ്പ്യൻമാരായപ്പോൾ സതീവൻ ബാലനായിരുന്നു പരിശീലകൻ. കേരള ടീം പരിശീലക സ്ഥാനത്തേക്ക് സതീവൻ ബാലൻ അടക്കം അഞ്ചുപേരെയാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ പരിഗണിച്ചിരുന്നത്. സന്തോഷ് ട്രോഫിയിൽ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, അരുണാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം പ്രാഥമിക റൗണ്ടിൽ കളിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെന്‍ ആണ് ഫൈനലിലെത്തിയത്. സെമിയില്‍ തായ്‌ലന്‍ഡിന്റെ ബെയ്‌സണ്‍ മനീക്കോണിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം മെഡലുറപ്പിച്ചത്. ഫൈനല്‍ പ്രവേശനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിനും ലവ്‌ലിന യോഗ്യത നേടി.വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങിലും ഇന്ത്യ മെഡല്‍ നേടിയിരുന്നു. ഇന്ത്യയുടെ പ്രീതി പവാറാണ് വെങ്കലം സ്വന്തമാക്കിയത്. സെമിയില്‍ ചൈനയുടെ യുവാന്‍ ചാങ്ങിനോടാണ് പ്രീതി തോല്‍വി വഴങ്ങിയത്. ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.

ഏഷ്യൻ ​ഗെയിംസ് ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം. സുതീർഥ മുഖർജി-അയ്ഹിക മുഖർജി സഖ്യമാണ് ‌ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ നേടിത്തന്നത്. റിപ്പബ്ലിക് ഓഫ് കൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സംഘം സെമിയിൽ പരാജയപ്പെട്ടത്.

ആദ്യ ​ഗെയിമിൽ ജയത്തോടെ ആയിരുന്നു ഇന്ത്യൻ ​സംഘത്തിന്റെ തുടക്കം. എന്നാൽ രണ്ടാം ​ഗെയിമിൽ കൊറിയ തിരികെ വന്നു. മൂന്നാം ​ഗെയിം ഇന്ത്യയും നാലാം ​ഗെയിം കൊറിയയും നേടി. അഞ്ചാം ​ഗെയിമും നേടി കൊറിയ വിജയപ്രതീക്ഷ ഉയർത്തി. എന്നാൽ ആറാം ​ഗെയിമിൽ ഇന്ത്യ തിരിച്ചുവന്നു. ഇതോടെ വിജയിയെ നിശ്ചയിക്കാൻ ഏഴാം ​ഗെയിം നടക്കുകയായിരുന്നു. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ 56-ാം മെഡലാണിത്. 13 സ്വർണവും 21 വെള്ളിയും 22 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. ഏഷ്യൻ ​ഗെയിംസിന്റെ ഒമ്പതാം ദിനം ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാമതും ചൈന ഒന്നാമതുമാണ്.

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. 74-ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണയുടേതാണ് വിജയ​ഗോൾ. രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. ഒരു ​ഗോളിന്റെ വ്യത്യാസത്തിൽ മോഹ​ൻ ബ​ഗാൻ സൂപ്പർ ജയന്റ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

ആദ്യ പകുതി ​ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും മികച്ചത് എന്ന് പറയുവാൻ കഴിയുന്ന നീക്കങ്ങൾ ആദ്യ പകുതിയിൽ ഉണ്ടായില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ആവേശം കരുത്താർജിച്ചത്. ദിമിത്രിയോസ് ഡയമന്റക്കോസിനെ 62-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിപൂർവ്വമായ പ്രകടനമാണ് നടന്നത്.

74-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ പിറന്നു. അഡ്രിയാൻ ലൂണയാണ് ​ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. പിന്നീട് പന്തിന്റെ നിയന്ത്രണം നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമം. ബാക്കിയുള്ള 16 മിനിറ്റിലും ഇഞ്ചുറി ടൈമിലെ ഏഴ് മിനിറ്റിലും ജംഷഡ്പൂരിന് മറുപടി ​ഗോൾ നൽകാനായില്ല. അങ്ങനെ തുടർച്ചയായി രണ്ടാം ജയം ബ്ലാസ്റ്റേഴ്സിന് സ്വന്തം.