Recent Posts (Page 2,026)

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഈ വര്‍ഷം ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. കടലിനടിയിലെ വിസ്മയം ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകള്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

പത്തനംതിട്ട: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ( എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.

സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്.

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, റാന്നി 689672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍ : 04735227703.

വേനൽക്കാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. അന്തരീക്ഷതാപം ക്രമത്തിലധികം ഉയരുന്നത് അമിതമായി ക്ഷീണത്തിന് കാരണമാകാറുണ്ട്. നിർജ്ജലീകരണം, ചർമ്മ രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളും വേനൽക്കാലത്ത് അനുഭവപ്പെടാറുണ്ട്. അന്തരീക്ഷതാപം കൂടുന്നതും, ധാരാളം വിയർക്കുന്നതും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും. ഇത് പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും 2 – 3 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണത്തിനായി എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.

ചൂട് സമയത്ത് സൂര്യാഘാതം ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാനും ശ്രദ്ധിക്കണം. ചൂടും വെയിലുമുള്ള ദിവസങ്ങളിൽ നേർത്ത ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. കടുത്ത നിറങ്ങൾ ചൂട് കൂടുതൽ ആഗിരണം ചെയ്യുകയും ഇത് വഴി ശരീരത്തിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും ചെയ്യും. ഇറുക്കിയ വസ്ത്രങ്ങൾ വിയർക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കും.

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 4 വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 147 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിയുടെ ടോപ്പ് സ്‌കോററായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷാ പുറത്തായി. താരത്തെ ഒരു അവിശ്വസനീയ റിട്ടേണ്‍ ക്യാച്ചിലൂടെ ഉമേഷ് യാദവാണ് മടക്കിയത്. മൂന്നാം നമ്ബറിലെത്തിയ മിച്ചല്‍ മാര്‍ഷ് തുടരെ ബൗണ്ടറികളടിച്ച് പോസിറ്റീവായി തുടങ്ങിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 13 റണ്‍സെടുത്ത മാര്‍ഷ് ഹര്‍ഷിത് റാണയുടെ പന്തില്‍ വെങ്കടേഷ് അയ്യരുടെ കൈകളില്‍ അവസാനിച്ചു.

ഡേവിഡ് വാര്‍ണര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. നാലാം നമ്ബറില്‍ ക്രീസിലെത്തിയ ലളിത് യാദവിനെ കൂട്ടുപിടിച്ച് താരം അനായാസം ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. ലളിതിന്റെ മെല്ലെപ്പോക്ക് സ്‌കോറിംഗിനെ ബാധിച്ചെങ്കിലും വാര്‍ണര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. മൂന്നാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ശേഷം വാര്‍ണര്‍ മടങ്ങി. 26 പന്തുകളില്‍ 8 ബൗണ്ടറിയടക്കം 42 റണ്‍സെടുത്ത ഓസീസ് താരം ഉമേഷ് യാദവിന്റെ പന്തില്‍ നരേന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ലളിത് യാദവിനെ (22) നരേന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഋഷഭ് പന്തിനെ (2) ഉമേഷ് യാദവ് ബാബ ഇന്ദ്രജിത്തിന്റെ കൈകളിലെത്തിച്ചു. തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡല്‍ഹി ഒന്ന് പതറിയെങ്കിലും അക്‌സര്‍ പട്ടേല്‍ അവരെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 17 പന്തുകളില്‍ 2 ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 24 റണ്‍സെടുത്ത അക്‌സറിര്‍ റണ്ണൗട്ടായതോടെ ഡല്‍ഹി വീണ്ടും ബാക്ക്ഫൂട്ടിലായി. എന്നാല്‍, ശ്രദ്ധാപൂര്‍വം ബാറ്റ് വീശിയ റോവ്മന്‍ പവലും (33) ശാര്‍ദ്ദുല്‍ താക്കൂറും (8) ചേര്‍ന്ന് ഡല്‍ഹിയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും നോട്ടൗട്ടാണ്.

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം നടത്തുന്ന സ്‌കൂളിൽ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകരോട് നിർദ്ദേശിച്ച് ഉത്തരവ് പുറത്തിറക്കി. വടക്കൻ കശ്മീരിലെ ബരാമുള്ളയിൽ സ്‌പെഷ്യൽ കുട്ടികൾക്കായി സൈന്യം നടത്തുന്ന ദഗ്ഗെർ പരിവാർ സ്‌കൂളിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്‌കൂൾ സമയങ്ങളിൽ ഹിജാബ് ഒഴിവാക്കണമെന്നാണ് അധ്യാപകരോട് നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം, വിഷയത്തിൽ കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധം അരങ്ങേറുന്നുണ്ട്. കർണാടക ഹിജാബ് നിരോധനത്തിനാണ് സമാനമാണ് ഈ നടപടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.

എന്നാൽ, ഹിജാബിന് വിലക്കേർപ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്. സർക്കുലറിൽ ”നിഖാബ്” (കണ്ണൊഴികെ മുഖം മറയ്ക്കുന്നത്) എന്നതിനുപകരം ”ഹിജാബ്” (തല മറയ്ക്കുന്നത്) എന്ന വാക്ക് തെറ്റായി എഴുതിയിരിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. സ്‌പെഷ്യൽ കുട്ടികൾക്കുള്ള സ്‌കൂൾ ആയതിനാൽ നിഖാബ് അധ്യാപനത്തിന് തടസമാകുമെന്നും. ഇത് ഹിജാബ് എന്നല്ല നിഖാബ് ആണ് ഉദ്ദേശിച്ചതെന്നും പ്രതിരോധ വക്താവ് എമ്രോൺ മുസാവി ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ശ്രവണ വൈകല്യമുള്ളതും ഭിന്നശേഷിക്കാരായതുമായ കുട്ടികൾക്കുള്ള സ്‌കൂളാണിത്. മുഖമുദ്രകൾ ഉപയോഗിച്ച് സ്വരസൂചകം പഠിപ്പിക്കണം. ഒരു ടീച്ചർ നിഖാബ് ധരിക്കുകയാണെങ്കിൽ, അവർ എങ്ങനെ പഠിപ്പിക്കും, കുട്ടികൾ എന്ത് കാണും. അതുകൊണ്ടാണ് ഈ ഉത്തരവ് പാസാക്കിയതതെന്നും സർക്കുലർ അധ്യാപകർക്ക് മാത്രമുള്ളതാണെന്നും സൈനിക വക്താവ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിയ കെ-റെയിൽ പാനൽ ചർച്ച പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്ക് താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സർക്കാർ ആദ്യം പാനലിൽ ഉൾപ്പെടുത്തിയവരെ പോലും ചർച്ചയിൽ മാറ്റി നിർത്തി. ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. വൺവെ ട്രാഫിക്ക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. സംവാദം നടക്കുമ്പോൾ തന്നെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സർക്കാരെന്നും കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

ഗുജ്‌റാത്ത് മോഡൽ പഠിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണ്. അബ്ദുള്ളക്കുട്ടിയോട് സിപിഎം മാപ്പ് പറയണം. പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നത്. ഗുജ്‌റാത്ത് മോഡൽ നടപ്പാക്കുമ്പോൾ എങ്കിലും അഴിമതി ഒഴിവാക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധന നികുതി കുറയ്ക്കാതെ ധനമന്ത്രി ബാലഗോപാൽ ജനങ്ങളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണം. എയിംസിന് സ്ഥലം കണ്ടുപിടിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എവിടെ സ്ഥലം നൽകിയാലും കേന്ദ്രം അവിടെ എയിംസ് സ്ഥാപിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അടുത്ത മാസം രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക് ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ ബാങ്കുകള്‍ക്കും ഒപ്പം പൊതുമേഖലാ ബാങ്കുകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ അവധി അനുവദിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ബാങ്കുകള്‍ 11 ദിവസമാണ് അടഞ്ഞു കിടക്കുക. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളില്‍ മാറ്റമുണ്ടാകും. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാം.

2022 മെയ് മാസത്തില്‍ ബാങ്ക് അവധികള്‍

മെയ് 1 – ഞായര്‍ (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 2 – തിങ്കള്‍ – റംസാന്‍ – ഈദ് (കേരളത്തില്‍ ബാങ്ക് അവധി)

മെയ് 3 – ചൊവ്വ – പരശുരാമ ജയന്തി/ റംസാന്‍ – ഈദ്/ ബസവ ജയന്തി/അക്ഷയ തൃതീയ (കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി)

മെയ് 8 – ഞായര്‍ – അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 9 – തിങ്കള്‍ – രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം (പശ്ചിമ ബംഗാളിലെ ബാങ്കുകള്‍ക്ക് അവധി)

മെയ് 14 – ശനി – (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 14 – ശനി – (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 15 – ഞായര്‍ – (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 16 – തിങ്കള്‍ – ബുദ്ധ പൂര്‍ണിമ [ത്രിപുര, ബേലാപൂര്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും]

മെയ് 22 – ഞായര്‍ – (അഖിലേന്ത്യ ബാങ്ക് അവധി) മെയ് 28 – ശനി – (അഖിലേന്ത്യ ബാങ്ക് അവധി) മെയ് 29 – ഞായര്‍ – (അഖിലേന്ത്യ ബാങ്ക് അവധി)

ലക്‌നൗ: മൂന്ന് മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മന്ത്രിമാർ, മന്ത്രിമാരുടെ ബന്ധുക്കൾ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വത്തുവിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണമെന്നാണ് നിർദ്ദേശം.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സ്വത്തുവിവരം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഐഎഎസ്, ഐപിഎസ്, പ്രൊവിൻഷ്യൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്തി ഓൺലൈൻ പോർട്ടലിൽ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളുടെ പെരുമാറ്റം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാ മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പരസ്യമായി പ്രഖ്യാപിക്കണം. മന്ത്രിമാർക്ക് നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സർക്കാർ ജോലിയിൽ കുടുംബാംഗങ്ങളുടെ ഇടപെടൽ ഇല്ലെന്ന് എല്ലാ മന്ത്രിമാരും ഉറപ്പാക്കണം. നമ്മുടെ പെരുമാറ്റത്തിലൂടെ നമ്മൾ മാതൃക കാണിക്കണ. മന്ത്രിമാരുടെ കുടുംബാംഗങ്ങൾ സർക്കാർ ജോലിയിൽ ഇടപെടരുതെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശപ്രകാരം അന്ത്യോദയ പദ്ധതി പൂർത്തീകരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി പ്രാദേശിക നേതാക്കളുമായും ജില്ലയിലെ പ്രമുഖരുമായും യോഗം ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ ക്യാബിനറ്റ് മന്ത്രിയുടെ നേതൃത്വത്തിൽ 18 ഗ്രൂപ്പുകൾ രൂപീകരിച്ചു. അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ഈ മന്ത്രിമാർ സംസ്ഥാനമൊട്ടാകെ സന്ദർശനം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാഷ് ബോര്‍ഡ് സംവിധാനത്തെ പുകഴ്ത്തി ഗുജറാത്ത് മോഡല്‍ പഠിക്കാനായി സംസ്ഥാനത്തെത്തിയ കേരള ചീഫ് സെക്രട്ടറി വി.പി.ജോയിയും സംഘവും. ‘ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണ്. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- വി.പി.ജോയ് പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ അടക്കമുള്ളത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്‍കി. ഇന്ന് ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം സംഘം നാളെ കേരളത്തിലേക്ക് മടങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിലെടുത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. കെഎസ്ഇബിയാണ് ഇക്കാര്യം അറിയിച്ചത്. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിട്ടാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരമേഖലകളെയും ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യസേവന മേഖലകളെയും നിയന്ത്രത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. വിപണിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയിൽ ഉണ്ടായിട്ടുളള വർദ്ധനവ് കൊണ്ടും താപവൈദ്യുത ഉൽപാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയിൽ 10.7 ജിഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുളളത്. വൈകിട്ട് 6.30 മുതൽ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും വൈകിട്ട് 6.30 മുതൽ 11.30 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

നിലവിൽ 14 സംസ്ഥാനങ്ങളിൽ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശിൽ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവർത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളിൽ സാധാരണ നില കൈവരുന്നതാണ്.