തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിലെടുത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. കെഎസ്ഇബിയാണ് ഇക്കാര്യം അറിയിച്ചത്. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിട്ടാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരമേഖലകളെയും ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യസേവന മേഖലകളെയും നിയന്ത്രത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. വിപണിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയിൽ ഉണ്ടായിട്ടുളള വർദ്ധനവ് കൊണ്ടും താപവൈദ്യുത ഉൽപാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയിൽ 10.7 ജിഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുളളത്. വൈകിട്ട് 6.30 മുതൽ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും വൈകിട്ട് 6.30 മുതൽ 11.30 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
നിലവിൽ 14 സംസ്ഥാനങ്ങളിൽ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശിൽ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവർത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളിൽ സാധാരണ നില കൈവരുന്നതാണ്.

