വേനൽക്കാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. അന്തരീക്ഷതാപം ക്രമത്തിലധികം ഉയരുന്നത് അമിതമായി ക്ഷീണത്തിന് കാരണമാകാറുണ്ട്. നിർജ്ജലീകരണം, ചർമ്മ രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളും വേനൽക്കാലത്ത് അനുഭവപ്പെടാറുണ്ട്. അന്തരീക്ഷതാപം കൂടുന്നതും, ധാരാളം വിയർക്കുന്നതും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും. ഇത് പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും 2 – 3 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണത്തിനായി എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.
ചൂട് സമയത്ത് സൂര്യാഘാതം ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാനും ശ്രദ്ധിക്കണം. ചൂടും വെയിലുമുള്ള ദിവസങ്ങളിൽ നേർത്ത ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. കടുത്ത നിറങ്ങൾ ചൂട് കൂടുതൽ ആഗിരണം ചെയ്യുകയും ഇത് വഴി ശരീരത്തിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും ചെയ്യും. ഇറുക്കിയ വസ്ത്രങ്ങൾ വിയർക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കും.

