ഒടുവില്‍ ‘അവതാര്‍-2’ എത്തുന്നു

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഈ വര്‍ഷം ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. കടലിനടിയിലെ വിസ്മയം ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകള്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.