ഗുജറാത്ത് മോഡല്‍: ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതും സമഗ്രവുമെന്ന് കേരള ചീഫ് സെക്രട്ടറി

ഡാഷ് ബോര്‍ഡ് സംവിധാനത്തെ പുകഴ്ത്തി ഗുജറാത്ത് മോഡല്‍ പഠിക്കാനായി സംസ്ഥാനത്തെത്തിയ കേരള ചീഫ് സെക്രട്ടറി വി.പി.ജോയിയും സംഘവും. ‘ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണ്. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- വി.പി.ജോയ് പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ അടക്കമുള്ളത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്‍കി. ഇന്ന് ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം സംഘം നാളെ കേരളത്തിലേക്ക് മടങ്ങും.