ജനമനസ്സറിയാൻ സർക്കാർ, മണ്ഡല പര്യടനം നവംബറിൽ – വിമർശിച്ച് പ്രതിപക്ഷ നേതാവ്

നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാരുണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ച് ജനങ്ങളുമായി സംവദിക്കാനും ജനമനസ്സറിയാനും മണ്ഡലങ്ങൾ തോറും പര്യടനം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ വർഷം നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം സംഘടിപ്പിക്കുക. നവംബര് 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ്സ് പരിപാടിക്ക് തുടക്കം കുറിക്കുന്നതോട് കൂടി ഓരോ മണ്ഡലത്തിലും എം എൽ എ മാരുടെ നേതൃത്വത്തിൽ പര്യടനം ആരംഭിക്കും . ജനപ്രതി നിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും മഹിളകളും വിദ്യാർഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന ബഹുജന സദസ്സുകൾ സംഘടിപ്പിക്കും. ഒപ്പം വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. സ്വതന്ത്ര സമര സേനാനികൾ വെറ്ററൻസ്, മഹിളാ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ പ്രതിഭകൾ, സെലിബ്രിറ്റികൾ, കലാകാരന്മാർ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിച്ചു കൊണ്ടാണ് സർക്കാർ പര്യടനം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. ജന മനസുകളിൽ നിന്നും സർക്കാർ അകലുന്നു എന്ന സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാരിൽ നിന്നും ഇപ്പോൾ ഇത്തരത്തിലൊരു നീക്കം എന്നാണ് വിലയിരുത്തൽ. പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയമായാ തോൽവി സഹതാപ തരംഗം കൊണ്ടുമാത്രമല്ല ഭരണ വിരുദ്ധ വികാരം കൊണ്ട് കൂടിയാണ് എന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. ആ വിമർശങ്ങളെ ശരി വയ്ക്കുന്നതാണ് സർക്കാർ സംഘടിപ്പിക്കുന്ന ഈ പര്യടനം. ഭരണ വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു എന്ന് സർക്കാർ തന്നെ ഒരു തരത്തിൽ അംഗീകരിക്കുകയാണ്.

എന്നാൽ സർക്കാരിന്റെ ഈ പര്യടന പരിപാടിയിൽ സഹകരിക്കില്ല എന്ന നിലപാടാണ് യു ഡി എഫിനുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു . സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആണ് ഇതെന്നും ലോക് സഭ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികൾ സർക്കാർ സ്വന്തം നിലയിൽ നടത്തണമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ പണം അനാവശ്യമായി ധൂർത്തടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സർക്കാരിന്റെ മുന്നേറ്റങ്ങൾ ജന മനസുകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന ഈ മണ്ഡല പര്യടനപരിപാടി ഒരു തരത്തിൽ ജനസമ്പർക്ക പരിപാടിയെ അനുസ്മരിപ്പിക്കുന്നതാണ്. സർക്കാരിന്റെ ഈ പര്യടന പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെയാണ് മന്ത്രി സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അതാതു ജില്ലാകളിലെ മന്ത്രിമാരെയും ജില്ലാ കളക്ടർമാരെയും പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല നൽകാനും തീരുമാനമായിട്ടുണ്ട്.