Politics (Page 98)

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് താൻ തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം പി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. പാർലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ, ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയെന്നും പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തരൂർ നൽകിയ മറുപടി.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി.മുരളീധരൻ. അന്വേഷണം കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നു മുരളീധരൻ പറഞ്ഞു. ‘‘കരുവന്നൂരിലെ 150 കോടിയുടെ ബാങ്ക് കൊള്ളയെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര വേട്ടയാണെന്നാണു മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര വേട്ടയെന്ന ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതി. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു പാവപ്പെട്ടവരാണ്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്’’– മുരളീധരൻ പറഞ്ഞു.150 കോടി ചെറിയ തുകയല്ലേ എന്നാണ് ഒരു മന്ത്രി ചോദിക്കുന്നത്. സാധാരണക്കാരൻ അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്ന പണമാണ് കൊള്ളയടിച്ചത്. എ.സി.മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഒളിച്ചുനടക്കുന്നത്. മൊയ്തീന് ഒരു ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഇല്ലെങ്കിൽ ഇഡിയുടെ മുൻപിൽ ഹാജരായിക്കൂടെ, ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൂടെ. സമാനകേസുകളിൽ ഇഡി ആർക്കെതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. ഈ കള്ളന്മാർ ഇഡിയെ പേടിച്ചു നടക്കുകയാണ്. ഇഡി പിടിച്ചുകഴിഞ്ഞാൽ അകത്താണ്. അറസ്റ്റ് ചെയ്തശേഷം തെളിവ് അന്വേഷിക്കുന്നവരല്ല, തെളിവു കിട്ടയതിനുശേഷമാണു ഇഡിയുടെ തുടർനടപടികളെന്നും മുരളീധരൻ പറഞ്ഞു.

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി നേതൃത്വം. പുതിയ നിയമനം തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ആര്‍.മാധവനെ നിയമിച്ചതിന് തുടര്‍ച്ചയായിട്ടാണെന്നും പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നു. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഒരു നേതാവിനോടും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രനേതൃത്വം വിശദീകരിച്ചു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് നേതൃത്വം സുരേഷ് ഗോപിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായം. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്. ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നകാര്യത്തെയും അദ്ദേഹം വിമർശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് മറ്റ് പാർട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോൽപിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോൺഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ മുൻപ് പറഞ്ഞിരുന്നു.

അനിൽ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും മാതാവ് എലിസബത്ത് ആന്റണി. .മകന്റെ ബി ജെ പി പ്രവേശത്തിൽ ആദ്യമായാണ് ‘അമ്മ പ്രതികരണം അറിയിക്കുന്നത്. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു. തന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് തന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് താൻ പ്രാർത്ഥിച്ചുവെന്നും അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ച ശേഷം തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി എന്നും എലിസബത്ത് ആന്റണി പറഞ്ഞു.തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു. . മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധ്യമാകില്ലായിരുന്നുവെന്നും എലിസബത്ത് ആന്റണി പറഞ്ഞു.
രാഷ്ട്രീയം മകന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ മക്കള് രാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയത്തിൽ പാസാക്കിയതോടെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി എന്നും എ കെ ആന്റണി മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയില്ലയെന്നും എലിസബത്ത് ആന്റണി പറഞ്ഞു.താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ മകന്റെ തീരുമാനം ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്തിന്റെ ആദ്യ പ്രതികരണം.

ന്യൂഡൽഹി: എൻഡിഎയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് ജനതാദൾ (എസ്). കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി കൂടിക്കാഴ്ച്ച നടത്തി. ജെഡിഎസിനെ എൻ ഡി എയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നെന്ന് നദ്ദ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിൻരെ പ്രതികരണം.

കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യുരപ്പ നേരത്തെ ജെഡിഎസിന്റെ എൻ ഡി എ പ്രവേശനം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ 28ൽ നാല് സീറ്റുകൾ ജെ ഡി എസിന് നൽകാൻ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചകളൊന്നുമായിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു.

അതേസമയം, എൻഡിഎക്കൊപ്പം ചേരാനില്ലെന്ന് ജെഡിഎസ് കേരളഘടകം അറിയിച്ചു. അടുത്തമാസം ഏഴിന് സംസ്ഥാന കമ്മിറ്റി വിളിച്ചതായും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി.

സോളർ കേസിലെ സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തന്വേഷണം വേണമെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി ചേർന്നു തീരുമാനിക്കണമെന്നു ദേശീയ നേതൃത്വം നിർദേശിച്ചെങ്കിലും സമിതി എന്നു ചേരുമെന്ന കാര്യത്തിൽ തീരുമാനമായില്ല. നേതാക്കൾ പുറത്തു വ്യത്യസ്ത നിലപാടുകൾ പറയുന്നതു ക്ഷീണമുണ്ടാക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രീയകാര്യ സമിതി ചേർന്നു പൊതുനിലപാടെടുക്കാൻ ഹൈദരാബാദിൽ പ്രവർത്തകസമിതി യോഗത്തിനെത്തിയപ്പോൾ നിർദേശം ലഭിച്ചത്.

നിയമ ‌വിദഗ്ധരുമായി ചർച്ച തുടങ്ങിയെന്നു ചില നേതാക്കൾ പറയുന്നുണ്ടെങ്കിലും ഗൗരവമുള്ള ചർച്ചയൊന്നും ഇതുവരെയുണ്ടായിട്ടില്ല.പ്രധാന നേതാക്കളെല്ലാം കേരളത്തിനു പുറത്തായതാണു രാഷ്ട്രീയകാര്യ സമിതി ചേരുന്നതിൽ അനിശ്ചിതത്വമുണ്ടാക്കുന്നത്. ഖത്തറിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഡൽഹിയിലുള്ള കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തിങ്കളാഴ്ചയോടെയേ തലസ്ഥാനത്തെത്തുകയുള്ളൂ. യുഎസ് പര്യടനശേഷം രമേശ് ചെന്നിത്തല അടുത്തമാസം ആദ്യമാണെത്തുക.

സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.ലക്ഷത്തിലധികം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു കാരണം. ആനുകൂല്യം മുടങ്ങിയവർ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാണ്. 34,689പേരാണ് അവിടെയുള്ളത്. . ആലപ്പുഴയിൽ 21,656 പേർക്കും തിരുവനന്തപുരത്ത് 20,846 പേർക്കും ആനുകൂല്യം ലഭിക്കുന്നില്ല.
2 ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ആകെ 23 ലക്ഷം കർഷകരാണു പദ്ധതിയിലുള്ളത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ആനുകൂല്യം നൽകൂവെന്ന് ഈയിടെയാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.മാറിമാറി വന്ന സർക്കാരുകൾ ഈ മേഖലയിലെ ചൂഷണങ്ങളെ നിയന്ത്രിക്കാൻ ക്രിയാത്മകമായി ഇടപ്പെട്ടിട്ടില്ല. സർക്കാർ തലത്തിൽ സംഭരിക്കുന്ന ഉൽപ്പന്നത്തിന്റെ പണം ലഭിക്കാൻ തന്നെ സമയമെടുക്കുമ്പോൾ കർഷകർ ആരോട് പരാതി പറയും
ആനുകൂല്യങ്ങളുടെ കണക്കെടുത്താൽ കൃഷിയോളം ലാഭമുള്ള മറ്റൊരു മേഖലയില്ല. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. അർഹരിലേക്കെത്താതെ പോകുകയോ യഥാസമയം ലഭിക്കാതെ പോകുകയോ ചെയ്യുന്ന ആനുകൂല്യങ്ങൾ തന്നെയാണ് പ്രധാന പ്രശ്നം. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കർഷകരെ ആകർഷിക്കുകയും അവ യഥാസമയം നൽകാതെ അവരെ നിരാശരാക്കുകയും ചെയ്യുന്ന സർക്കാർ നിലപാടുകൾ തിരുത്തപ്പെടേണ്ടതാണ്. ഇത്തരം അവസ്ഥകളെ മറികടക്കാൻ
ആനുകൂല്യത്തിനായി കർഷകർ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. പാടശേഖരസമിതികളിലും സഹായസംഘങ്ങളിലും അംഗമായ കർഷകർ കൃഷിഭവനിൽ രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഇവർക്ക് രജിസ്ട്രേഷൻ നമ്പറുമുണ്ട്. എന്നാൽ, സബ്സിഡികൾ, കാർഷികാനുകൂല്യങ്ങൾ, യന്ത്രോപകരണവിതരണം, സാങ്കേതികവിദ്യ കൈമാറൽ, ഉത്പന്ന വിളവെടുപ്പ്, വിപണി കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്ന സംവിധാനമില്ലെന്ന് കർഷകർ പറയുന്നു. ഇത് നടപ്പായാൽ കൃഷിഭവനുകളിൽ നിലവിലുള്ള ജോലിഭാരം പകുതിയിലധികമായി കുറയും. സർക്കാർതലത്തിൽ പ്രത്യേക ഏജൻസിയെ ഇതിനായി നിയോഗിക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആധാർ സീഡിങ് നടത്തിയ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഏപ്രിൽ – ജൂലൈ കാലയളവിൽ 311 കോടി രൂപ കേന്ദ്രം നൽകി.ആധാർബന്ധിത അക്കൗണ്ട് ആരംഭിക്കാൻ കർഷകരെ സഹായിക്കുന്നതിന് കേന്ദ്രം തപാൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഈ മാസം 30നു മുൻപ് അക്കൗണ്ട് തുടങ്ങിയാൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും ലഭിക്കും. ആധാർ നമ്പർ, ഒടിപി) ലഭിക്കാനുള്ള മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫിസിലെത്തുകയോ പോസ്റ്റ്മാനെ സമീപിക്കുകയോ ചെയ്യണം. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാതെ വരുമ്പോൾ കർഷകർ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. നിരവധി പദ്ധതികൾ പ്രാബല്യത്തിലാവുന്നതല്ല പ്രാധാന്യം അവ നടപ്പിലാകുന്നുണ്ടോ അർഹതപ്പെട്ട ഇടങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നതാണ് അറിയേണ്ടത്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന സി.പി.എം. കൗൺസിലറുടെ പരാതിയിൽ കേസെടുക്കാതെ കൊച്ചി സിറ്റി പോലീസ്. 19-നാണ് തൃശ്ശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറും സി.പി.എം. അംഗവുമായ പി.ആർ. അരവിന്ദാക്ഷൻ ഇ.ഡി.ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. അരവിന്ദാക്ഷന്റെ പരാതിയിൽ കേസെടുത്തെന്ന് വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പ്രാഥമികാന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞത്.12-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പരാതി. കൂടുതൽ അന്വേഷണത്തിനുശേഷമേ കേസെടുക്കൂവെന്നാണ് അറിയുന്നത്. പരാതി കിട്ടിയ ഉടൻ ഇ.ഡി. ഓഫീസിൽ പോലീസ് പരിശോധന നടത്തിയെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. അരവിന്ദാക്ഷന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. കേസെടുക്കുന്നതിൽ പോലീസിന് ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന പോലീസ് കേസെടുക്കുന്നത് അപൂർവമാണ്. അതിനാൽത്തന്നെ ഡി.ജി.പി.യുടെ നിർദേശത്തിനനുസരിച്ചാകും തുടർനടപടികൾ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ ഡി എ – ജെ ഡി എസ് സഖ്യം കൈകോർത്തു. മുൻ കർണാടക മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യ പ്രഖ്യാപനം ഉണ്ടായത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സ്സിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ് ഡ പങ്കുവച്ചിരുന്നു.

മുതിർന്ന ബി ജെ പി നേതാവ് യെഡിയൂരപ്പ എൻ ഡി എ – ജെ ഡി എസ് സഖ്യം സ്ഥിരീകരിച്ചുകൊണ്ട് മുൻപേതന്നെ രംഗത്തെത്തിയിരുന്നു. 28 ലോക്സഭാ സീറ്റുകളിൽ 4 സീറ്റുകൾ ജെ ഡി എസിന് നൽകുമെന്നാണ് യെഡിയൂരപ്പ പറഞ്ഞത്. എന്നാൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.