കടം വീട്ടാൻ പണം നൽകാത്ത ബാങ്കുകളെ വിലക്ക് പട്ടികയിലാക്കാൻ സർക്കാർ.

കേരളം ഗുരുതര കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കുന്ന സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകളിൽ നിന്നും 1700 കോടി സമാഹരിക്കാനുള്ള സർക്കാരിന്റെ നീക്കം അട്ടിമറിക്കപ്പെട്ടതോടെയാണ്, ബാങ്കുകളെ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സർക്കാർ നടപടി ഉണ്ടായത്. രണ്ട് ക്ഷേമനിധി ബോർഡുകളിൽ നിന്നായി 1700 കോടി സമാഹരിക്കാനുള്ള ധനവകുപ്പിന്റെ നീക്കം രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വിസമ്മതിച്ചതോടെയാണ് സർക്കാരിന്റെ ഈ നടപടി. വരും മാസങ്ങളിൽ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ കൂടുതൽ ക്ഷേമനിധി പൊതുമേഖല ബാങ്കുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇപ്പോഴുള്ളതിനേക്കാൾ അര ശതമാനം പലിശ അധികമായി നൽകി, മാസങ്ങൾക്കുള്ളിൽ പണം തിരികെ നൽകാം എന്ന ഉറപ്പിന്മേലാകും പണം വാങ്ങുക. മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 1200 കോടിയും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 500 കോടിയുമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനായി 2 ബാങ്കുകളെ സമീപിച്ച് സ്ഥിരനിക്ഷേപ ഗ്യാരന്റിയിന്മേൽ ഓവർ ഡ്രാഫ്റ്റായി പണം ആവശ്യപ്പെട്ടിരുന്നു, ആദ്യം പണം നൽകാമെന്ന് ബാങ്കുകൾ സമ്മതിച്ചെങ്കിലും പിന്മാറുകയായിരുന്നു.

ഇത് സർക്കാരിന് വലിയ തിരിച്ചടിയായതിന് പിന്നാലെയാണ്, ഏജൻസി ബാങ്കുകളുടെ പട്ടികയിൽ നിന്നും ഇവയെ ഒഴിവാക്കി വിലക്കുപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നതടക്കമുള്ള നടപടി സർക്കാർ മുന്നോട് വച്ചത് . പ്രതിസന്ധി മറികടക്കാനായി 1000 കോടി രൂപ റിസേർവ് ബാങ്കിൽ നിന്നും സർക്കാർ കടമെടുക്കാനിരിക്കുകയാണ്, ഇതോടെ ഈ സാമ്പത്തിക വർഷം കടമെടുക്കാൻ സാധിക്കുന്ന തുക ഏതാണ്ട് അവസാനിക്കും . വിലക്കുപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നുള്ള മുന്നറിപ്പ് കണക്കിലെടുത്തു ബാങ്കുകൾ സഹകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഈ സാഹചര്യത്തിൽ പുതുതലമുറ ബാങ്കുകളിലേക്ക് സർക്കാർ അകൗണ്ടുകൾ മാറ്റുന്നതിനെക്കുറിച്ചും ധനവകുപ്പിന്റെ ആലോചനയിലുണ്ട്.