കോൺഗ്രസ് മാർച്ചിനെതിരായ പോലീസ് നടപടി; ഒറ്റയാൾ സമരം നടത്തി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ പ്രതിഷേധവുമായി ഒറ്റയാൾ സമരം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ പ്രതിഷേധം നടത്തിയത്.

നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിലാണ് കറുപ്പണിഞ്ഞ് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ പ്രതിഷേധിച്ചത്. ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണ് താൻ നടത്തുന്നതെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.

കറുപ്പ് വസ്ത്രം ധരിച്ച് വഴിയരികിൽ നിൽക്കാൻ പാടില്ലെന്ന് പൊലീസ് തന്റെ സഹപ്രവർത്തകനോട് പറഞ്ഞു. വാകത്താനത്ത് കറുപ്പ് വസ്ത്രം ധരിച്ച പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപ്രവർത്തകരെ നവകേരളസദസ്സിന്റെ തുടക്കം മുതൽ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലടക്കമുള്ള പ്രതിഷേധമാണ് താനുയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.