Politics (Page 60)

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫും എൽഡിഎഫും ഏറ്റുമുട്ടുന്ന കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്. അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയേനെ. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് സിപിഎമ്മും ബിജെപിയും പരസ്പരധാരണയിൽ എത്തിയതെന്നും അദ്ദേഹം അറിയിച്ചു.

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ സംരക്ഷിച്ചു. കുഴൽപ്പണ കേസിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സർക്കാർ സഹായിച്ചു. കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സിപിഎമ്മുമായി സംഘപരിവാർ സന്ധിചെയ്തത് എന്തുകൊണ്ടാണ്. കരുവന്നൂരിലെ ഇഡി അന്വേഷണത്തിന്റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സിപിഎമ്മും സംഘപരിവാറും നടത്തുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളതെന്നും തൃശൂരിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തിൽ ഒരു പ്രസക്തിയുമില്ല. പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും നേടാനാകില്ല. ഇപ്പോൾ ക്രൈസ്തവരുടെ വീടുകൾ കയറിയിറങ്ങുകയാണ്. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ട വർഷങ്ങളാണ് കടന്നുപോയത്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘപരിവാറുകാർ പെരുമാറുന്നതെന്ന് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും മതമേലധ്യക്ഷൻമാർക്കുമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഈ മാസം 15-ന് മകരസംക്രാന്തി ആഘോഷങ്ങൾക്കുശേഷം സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് തുടക്കം കുറിക്കും. തിരഞ്ഞെടുപ്പു കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ബിജെപിയുടെ നീക്കമെന്നാണ് വിവരം.

‘തീസരി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’ എന്നതാണ് ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളായിരിക്കും പാർട്ടി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത്. രണ്ടിൽക്കൂടുതൽ തവണ എം.പി.യായവർ, പ്രകടനം മികച്ചതല്ലാത്തവർ തുടങ്ങിയവരെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിർമലാ സീതാരാമൻ, ഹർദീപ് സിങ്പുരി, എസ്. ജയ്ശങ്കർ, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ സ്ഥാനാർത്ഥികളായി പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.

സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവർക്ക് പ്രാധാന്യം നൽകാനും പാർട്ടി പദ്ധതിയിടുന്നുണ്ട്. പുതുമുഖങ്ങളെയും പരിഗണിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. 800 കോടി രൂപ അടിയന്തിരമായി കടമെടുക്കും. അടുത്ത ചൊവാഴ്ച്ച പ്രത്യേക ലേലം നടക്കും. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. ഇന്ധനം കുടിശിക തീർക്കാതെ നൽകില്ലെന്ന് പമ്പ് ഉടമകൾ. പമ്പുകൾക്ക് ഡീസൽ അടിച്ച വകയിൽ നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു.

ലക്ഷങ്ങളാണ് നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത്. പ്രതികൂലമായി കേസ് അന്വേഷണങ്ങളെ ബാധിക്കുന്നെന്ന് പരാതി. എന്നാൽ വരാനിരിക്കുന്ന ബജറ്റിൽ സംസ്ഥാനത്തെ വികസന പദ്ധതിക്കായുള്ള ഫണ്ടിന്റെ ദൗർലഭ്യം കണക്കിലെടുത്ത് മൊത്തം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശമുണ്ട്. നികുതി വരുമാനവും കടമെടുപ്പും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: തൃശ്ശൂരിൽ മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കടതുറക്കാൻ നടക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാർ ഇന്ന് തൃശൂരിൽ തുറന്നത് സ്‌നേഹത്തിന്റെ കടയാണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും നല്ല നമസ്‌കാരം. ഇതാണോ വയനാട് എം പി പറയുന്ന ‘ആശയപരമായ പോരാട്ടം’. ഈ അന്യായങ്ങൾക്ക് അടിത്തറ പാകാനോ ‘ ന്യായ് യാത്ര’. പിണറായിയെ പറഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിന് പൊള്ളിയത് എന്തിനാണ്. പിണറായി വിജയൻ സർക്കാരിന്റെ കൊള്ളരുതായ്മകൾ എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി വെറുക്കപ്പെടേണ്ടവനാണെന്ന് കെ സുധാകരന്റെ യുവതുർക്കികൾ പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതെ ‘ഇൻഡി ‘സഖ്യത്തെക്കുറിച്ചാണ്, ഇതേ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ്, ബഹു.പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞത്. പിണറായി വിജയന്റെ അഴിമതിയും ധൂർത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുന്നു. സർവകലാശാലകളിൽ മുഖ്യമന്ത്രി നടത്തുന്ന അവിഹിത ഇടപെടലുകൾ ഗവർണർ പറയുമ്പോൾ പ്രതിപക്ഷ നേതാവ് ഗവർണർക്കെതിരെ രംഗത്തെത്തുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ ആദായനികുതി വകുപ്പ് കണ്ടെത്തുമ്പോൾ അടിയന്തരപ്രമേയം പോലും അവതരിപ്പിക്കാതെ സതീശനും കൂട്ടരും ഓടിയൊളിക്കുന്നു. കള്ളപ്പണത്തിനും കള്ളക്കടത്തിനുമെതിരെ ശക്തമായ നടപടിയെടുക്കുമ്പോൾ ‘ കേന്ദ്രവേട്ട’യെന്ന് ഇരുവരും ഒന്നിച്ച് പാടുന്നു. യൂത്ത് കോൺഗ്രസുകാരുടെ തല ഡിവൈഫ്‌ഐക്കാർ അടിച്ചുപൊളിച്ചിട്ടും കോൺഗ്രസ് പുലർത്തിയ മൗനവും പരസ്പര ധാരണയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാൻ കേരളം ഇനിയും വൈകരുത്. മോദി വിരോധത്താൽ കേന്ദ്രപദ്ധതികൾ ഇവർ ഒത്തുചേർന്ന് അട്ടിമറിക്കുമ്പോൾ ഇരുളടയുന്നത് നാടിന്റെ ഭാവിയെന്ന് മറക്കരുതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണ് മമത എന്നാണ് വിമർശനം. മമത-ചൗധരി പോര് മുറുകുന്നത് സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിനിടെയാണ്.

തൃണമൂൽ കോൺഗ്രസ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാനർജി, കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു.

‘ഞങ്ങൾ ആരോടും ഭിക്ഷ ചോദിച്ചില്ല. സഖ്യം വേണമെന്ന് മമത ബാനർജിയാണ് ആവശ്യപ്പെട്ടത്. മമതയുടെ കാരുണ്യം ഞങ്ങൾക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. മോദിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി സഖ്യം ആഗ്രഹിക്കുന്നില്ല’- അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.

തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം. ബിജെപി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞു. ചാണകവെള്ളം വേദിയിൽ തളിക്കാൻ ശ്രമിച്ച് KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ സ്ഥലത്തെത്തി.

കേരള പൊലീസ് ചാണകവെള്ളം തളിക്കാൻ സൗകര്യം ചെയ്യുന്നു. അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. പൊലീസ് ചാണകവെള്ളം തളിക്കാൻ സൗകര്യം ചെയുന്നു. ഇവിടെ ചാണകവെള്ളം തളിക്കുന്നവരെ കാല് കുത്തിക്കില്ലെന്നും. ഇത് ഞങ്ങൾ ബുക്ക് ചെയ്‌ത സ്ഥലമാണെന്നും കെ കെ അനീഷ് കുമാർ പറഞ്ഞു.

മിച്ചഭൂമി കേസിൽ സിപിഐഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തൽ. അഗസ്റ്റിൻ എന്നയാൾക്ക് 2001ൽ വിറ്റ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായും ലാൻഡ് ബോർഡ് കണ്ടെത്തി. മുന്‍ എംഎല്‍എയുടെ നടപടി ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു. ലാൻഡ് ബോർഡ്, പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ നടപടി തുടങ്ങിയത്തോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഈ ഭൂമി കൈമാറി.

ഇതേ ഭൂമി പിന്നീട് 2022 ൽ ഭാര്യയുടെ പേരിൽ ജോർജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയിൽ പുതിയ വീട് നിർമിക്കുകയും ചെയ്തു. പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്‍ ഇരുനില വീടിന്‍റെ നിര്‍മാണം നടക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ലാൻഡ് ബോർഡ് നല്‍കിയത് ഈ ആരോപണം വന്നതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ്. വിജിലൻസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജോർജ്, 16 ഏക്കറിൽ കൂടുതൽ മിച്ചഭൂമി കൈവശം വെച്ചു എന്നായിരുന്നു പരാതി. പാർട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരിൽ ജോർജിനെ 2023ലാണ് സിപിഎം പാർട്ടിയിൽ നിന്നും വിവിധ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.

ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്. സസ്യാഹാരിയായിരുന്നില്ല, ശ്രീരാമൻ. മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് അവകാശവാദം. എങ്ങനെ 14 വർഷം വനത്തിൽ കഴിഞ്ഞ ഒരാൾക്ക് സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. അവ്ഹദ് വിവാദ പരാമർശം നടത്തിയത് മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ക്യാമ്പിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ്. “ശ്രീരാമൻ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, ഒരു നോൺ-വെജിറ്റേറിയനായിരുന്നു.

14 വർഷം വനത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും? ചോദ്യം ശരിയോ തെറ്റോ?”- എൻസിപി എംഎൽഎ പറഞ്ഞു. ബിജെപി പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവ്ഹദ്, രാമഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. എന്ത് തെളിവാണ് ശ്രീരാമൻ മാംസാഹാരം കഴിച്ചുവെന്നതിന് ജിതേന്ദ്ര അവ്ഹദിനുള്ളതെന്ന് ബിജെപി എംഎൽഎ രാം കദം ചോദിച്ചു. അദ്ദേഹം മതവികാരം വ്രണപ്പെടുത്തിയ അവ്ഹദിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഈ പരാമർശം. ജനുവരി 22 മാംസാഹാരം നിരോധിച്ച് ‘ഡ്രൈ ഡേ’ ആയി പ്രഖ്യാപിക്കണമെന്ന് ബിജെപി എംഎൽഎ രാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയം.

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയുമായ വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ ബൊക്കെ നൽകി സ്വീകരിച്ചു. ഷർമിള, വൈഎസ്ആർടിപിയെ കോൺഗ്രസിൽ ലയിപ്പിച്ചതായും പ്രഖ്യാപിച്ചു. അവർ, തന്നിൽ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ്, രാജ്യത്തെ ഏക മതേതര ജനാധിപത്യ പാർട്ടിയാണ്.

കോൺഗ്രസ് പാർട്ടിയിൽ വൈഎസ്ആർ തെലങ്കാന പാർട്ടിയെ ലയിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒന്നായി മുന്നോട്ട് പോകും. ക്രിസ്ത്യാനികൾക്ക് നേരെ മണിപ്പൂരിൽ ഉണ്ടായ ആക്രമണം വേദനിപ്പിച്ചു. ഇങ്ങനെ ഒരു മതേതര പാർട്ടി അധികാരത്തിലിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു- ശർമിള പറഞ്ഞു.തന്റെ പിതാവിന്റെ സ്വപ്‌നമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത് എന്നും അതിലേക്ക് സംഭാവന ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ശർമിള കൂട്ടിച്ചേർത്തു.

ശർമിള, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയാണ്. തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ശർമിള പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ തെലങ്കാനയിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഉടുമ്പന്‍ചോല എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്‌പൈസെസിൽ പരിശോധന. നിലവിൽ ജിഎസ്ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. പരിശോധന നടക്കുന്നത് ചില നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ്.

ഹൈ റേഞ്ച് സ്‌പൈസെസ് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സിപിഐഎമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയർന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. ഉദ്യോഗസ്ഥർ, സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടയുള്ളവ പിടിച്ചുവച്ചിരുക്കുകയാണ്. ഉദ്യോഗസ്ഥർ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറില്ല.