ഇതാണോ ആശയപരമായ പോരാട്ടം; യൂത്ത് കോൺഗ്രസിനെതിരെ പരിഹാസവുമായി വി മുരളീധരൻ

തിരുവനന്തപുരം: തൃശ്ശൂരിൽ മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കടതുറക്കാൻ നടക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാർ ഇന്ന് തൃശൂരിൽ തുറന്നത് സ്‌നേഹത്തിന്റെ കടയാണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും നല്ല നമസ്‌കാരം. ഇതാണോ വയനാട് എം പി പറയുന്ന ‘ആശയപരമായ പോരാട്ടം’. ഈ അന്യായങ്ങൾക്ക് അടിത്തറ പാകാനോ ‘ ന്യായ് യാത്ര’. പിണറായിയെ പറഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിന് പൊള്ളിയത് എന്തിനാണ്. പിണറായി വിജയൻ സർക്കാരിന്റെ കൊള്ളരുതായ്മകൾ എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി വെറുക്കപ്പെടേണ്ടവനാണെന്ന് കെ സുധാകരന്റെ യുവതുർക്കികൾ പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതെ ‘ഇൻഡി ‘സഖ്യത്തെക്കുറിച്ചാണ്, ഇതേ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ്, ബഹു.പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞത്. പിണറായി വിജയന്റെ അഴിമതിയും ധൂർത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുന്നു. സർവകലാശാലകളിൽ മുഖ്യമന്ത്രി നടത്തുന്ന അവിഹിത ഇടപെടലുകൾ ഗവർണർ പറയുമ്പോൾ പ്രതിപക്ഷ നേതാവ് ഗവർണർക്കെതിരെ രംഗത്തെത്തുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ ആദായനികുതി വകുപ്പ് കണ്ടെത്തുമ്പോൾ അടിയന്തരപ്രമേയം പോലും അവതരിപ്പിക്കാതെ സതീശനും കൂട്ടരും ഓടിയൊളിക്കുന്നു. കള്ളപ്പണത്തിനും കള്ളക്കടത്തിനുമെതിരെ ശക്തമായ നടപടിയെടുക്കുമ്പോൾ ‘ കേന്ദ്രവേട്ട’യെന്ന് ഇരുവരും ഒന്നിച്ച് പാടുന്നു. യൂത്ത് കോൺഗ്രസുകാരുടെ തല ഡിവൈഫ്‌ഐക്കാർ അടിച്ചുപൊളിച്ചിട്ടും കോൺഗ്രസ് പുലർത്തിയ മൗനവും പരസ്പര ധാരണയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാൻ കേരളം ഇനിയും വൈകരുത്. മോദി വിരോധത്താൽ കേന്ദ്രപദ്ധതികൾ ഇവർ ഒത്തുചേർന്ന് അട്ടിമറിക്കുമ്പോൾ ഇരുളടയുന്നത് നാടിന്റെ ഭാവിയെന്ന് മറക്കരുതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.