കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ല; വി ഡി സതീശൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫും എൽഡിഎഫും ഏറ്റുമുട്ടുന്ന കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്. അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയേനെ. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് സിപിഎമ്മും ബിജെപിയും പരസ്പരധാരണയിൽ എത്തിയതെന്നും അദ്ദേഹം അറിയിച്ചു.

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ സംരക്ഷിച്ചു. കുഴൽപ്പണ കേസിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സർക്കാർ സഹായിച്ചു. കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സിപിഎമ്മുമായി സംഘപരിവാർ സന്ധിചെയ്തത് എന്തുകൊണ്ടാണ്. കരുവന്നൂരിലെ ഇഡി അന്വേഷണത്തിന്റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സിപിഎമ്മും സംഘപരിവാറും നടത്തുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളതെന്നും തൃശൂരിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തിൽ ഒരു പ്രസക്തിയുമില്ല. പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും നേടാനാകില്ല. ഇപ്പോൾ ക്രൈസ്തവരുടെ വീടുകൾ കയറിയിറങ്ങുകയാണ്. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ട വർഷങ്ങളാണ് കടന്നുപോയത്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘപരിവാറുകാർ പെരുമാറുന്നതെന്ന് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും മതമേലധ്യക്ഷൻമാർക്കുമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.