ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഈ മാസം 15-ന് മകരസംക്രാന്തി ആഘോഷങ്ങൾക്കുശേഷം സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് തുടക്കം കുറിക്കും. തിരഞ്ഞെടുപ്പു കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ബിജെപിയുടെ നീക്കമെന്നാണ് വിവരം.
‘തീസരി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’ എന്നതാണ് ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളായിരിക്കും പാർട്ടി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത്. രണ്ടിൽക്കൂടുതൽ തവണ എം.പി.യായവർ, പ്രകടനം മികച്ചതല്ലാത്തവർ തുടങ്ങിയവരെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിർമലാ സീതാരാമൻ, ഹർദീപ് സിങ്പുരി, എസ്. ജയ്ശങ്കർ, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ സ്ഥാനാർത്ഥികളായി പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.
സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവർക്ക് പ്രാധാന്യം നൽകാനും പാർട്ടി പദ്ധതിയിടുന്നുണ്ട്. പുതുമുഖങ്ങളെയും പരിഗണിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ.